കേരളം മറ്റൊരു പ്രളയ ദുരന്തത്തെ ഒറ്റക്കെട്ടായി നേരിട്ട് കൊണ്ടിരിക്കുകയാണ്. ഈ അവസരത്തില്‍ ആഘോഷങ്ങള്‍ മാറ്റിവെച്ച് ജനങ്ങള്‍ക്കൊപ്പം ഇറങ്ങി പ്രവര്‍ത്തിക്കുകയാണ് മലയാള സിനിമാ താരങ്ങളും പ്രവര്‍ത്തകരും. ഇതിന്റെ ഭാഗമായി നാളെ റിലീസ് ചെയ്യാന്‍ നിശ്ചയിച്ചിരുന്ന പൊറിഞ്ചു മറിയം ജോസിന്റെ റിലീസ് മാറ്റി. സിനിമയുടെ പുതുക്കിയ റിലീസ് തിയതി പിന്നീട് അറിയിക്കുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ചിത്രത്തില്‍ നായകനായെത്തുന്ന ജോജു അടക്കമുള്ളവര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.
ടൈറ്റില്‍ കഥാപാത്രങ്ങളായി ജോജു ജോര്‍ജ്ജ് (കാട്ടാളന്‍ പൊറിഞ്ചു), നൈല ഉഷ (മറിയം), ചെമ്പന്‍ വിനോദ് (ജോസ്) എന്നിവര്‍ അണിനിരക്കുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ നോക്കി കാണുന്നത്. എണ്‍പതുകളുടെ പശ്ചാത്തലത്തിലാണ് സിനിമ കഥപറയുന്നത്. കൊടുങ്ങല്ലൂരിലും തൃശൂരിലുമായാണ് സിനിമ ചിത്രീകരിച്ചത്. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ജോഷി ഒരുക്കുന്ന ചിത്രമാണിത്. 2015-ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ലൈല ഓ ലൈലയാണ് ജോഷി അവസാനം സംവിധാനം ചെയ്തത്.
അജയ് ഡേവിഡ് കാച്ചപ്പിള്ളി കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയും ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ശ്യാം ശശിധരനുമാണ്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച് കീര്‍ത്തന മൂവീസും അപ്പു പാത്തു പപ്പു പ്രൊഡക്ഷനും ചേര്‍ന്ന് നിര്‍മ്മിച്ച പൊറിഞ്ചുമറിയം ജോസ് ചാന്ദ് വി ക്രീയേഷന്റെ ബാനറില്‍ ആണ് പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എന്‍ ചന്ദ്രന്‍ ആണ്.