ബാഹുബലിയുടെ ഗംഭീര വീജയത്തിന് ശേഷമാണ് പ്രഭാസ് താരമൂല്യമുള്ള നടന്മാരുടെ പട്ടികയിലിടം നേടുന്നത്. പിന്നീട് വലിയ ഓഫറുകള്‍ തന്നെ താരത്തെ തേടിയെത്തി. അതിലൊന്ന് നടന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം സാഹോയായിരുന്നു. സുജീത് സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ പ്രഭാസിനൊപ്പം ശ്രദ്ധ കപൂര്‍, നീല്‍ നിതിന്‍ മുകേഷ് എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരുന്നു.
എന്നാല്‍ സിനിമ പ്രതീക്ഷിച്ച വിജയം കരസ്ഥമാക്കിയില്ല. കെട്ടുറപ്പില്ലാത്ത തിരക്കഥ, മോശം അഭിനയം, എഡിറ്റിംഗ്, സംഭാഷണങ്ങള്‍ എന്നീ കാരണങ്ങള്‍ നിരത്തി പ്രേക്ഷകരും നിരൂപകരും സിനിമയെ വന്‍തോതില്‍ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. പിന്നീട് കുറച്ചുനാളുകള്‍ക്ക് ശേഷം സ്വാഭാവികമായി ഇത്തരം വിമര്‍ശനങ്ങള്‍ കെട്ടടങ്ങി. ഇപ്പോഴിതാ ഒരു ഇടവേളയ്ക്ക് ശേഷം ചിത്രം വീണ്ടും ട്രോളുകളില്‍ നിറയുകയാണ്.
നെറ്റ്ഫ്‌ലിക്‌സ് ഇന്തോനേഷ്യ അടുത്തിടെ സിനിമയില്‍ നിന്നുള്ള ഒരു ക്ലിപ്പ് പോസ്റ്റ് ചെയ്തിരുന്നു. സിനിമയിലെ പ്രഭാസിന്റെ ബന്‍സായി സ്‌കൈ ഡൈവിംഗ് രംഗമാണിത്. വീഡിയോയില്‍, പാറക്കെട്ടില്‍ നിന്ന് ഒരു ബാഗ് എറിയുകയും തുടര്‍ന്ന് വായുവിലേക്ക് ചാടുകയും ബാഗ് ഒരു പാരച്യൂട്ടായി മാറുമ്പോള്‍ അത് ധരിക്കുകയും ചെയ്യുന്നു. ഈ രംഗം യാതൊരു യുക്തിയ്ക്കും നിരക്കുന്നതല്ലെന്ന് പലരും ട്രോളുകയും അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പേരില്‍ സൂപ്പര്‍മാനുമായി താരതമ്യപ്പെടുത്തുകയും ചെയ്തു.
പൂജ ഹെഗ്ഡെ അഭിനയിച്ച രാധേ ശ്യാമിലാണ് പ്രഭാസ് അവസാനമായി അഭിനയിച്ചത്. ഈ സിനിമയ്‌ക്കെതിരെയും വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ചിത്രം പ്രേക്ഷകരുടെയും നിരൂപകരുടെയും പരിഹാസത്തിന് പാത്രമായി.
നിലവില്‍ ഓം റൗത്തിന്റെ ആദിപുരുഷാണ് പ്രഭാസിന്റെതായി തീയേറ്ററുകളിലെത്താന്‍ ഒരുങ്ങുന്ന ചിത്രം. ബിഗ് ബജറ്റ് ചിത്രത്തിന്റെ ടീസറിനും മോശം വിഎഫ്എക്‌സിന്റെ പേരില്‍ ട്രോളുകള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.