ഇനി ഭയപ്പെടുത്താന്‍ പ്രണവ്; പ്രഖ്യാപിച്ച് മോഹന്‍ലാല്‍, പിന്നാലെ പോസ്റ്റര്‍ പുറത്തുവിട്ട് ഭ്രമയുഗം ടീം

ഭ്രമയുഗം, ഭൂതകാലം എന്നീ ഹൊറര്‍ ത്രില്ലറുകള്‍ക്ക് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായകനായി പ്രണവ് മോഹന്‍ലാല്‍. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ രണ്ടാം നിര്‍മ്മാണ സംരംഭം കൂടിയാണിത്. ജൂണില്‍ പുതിയ ചിത്രത്തിന്റെ ചിത്രീകരണം തുടരും. ഹൊറര്‍ ഗണത്തില്‍പെടുന്ന സിനിമയുടെ തിരക്കഥ നിര്‍വഹിക്കുന്നതും രാഹുല്‍ തന്നെയാണ്.

‘എമ്പുരാന്‍’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി മോഹന്‍ലാല്‍ നല്‍കിയ അഭിമുഖത്തില്‍ പ്രണവിന്റെ പുതിയ സിനിമ തുടങ്ങുന്ന വിവരം പങ്കുവച്ചിരുന്നു. രണ്ട്-മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ഷൂട്ടിങ് ആരംഭിക്കും എന്നായിരുന്നു. ഇതിന് പിന്നാലെയാണ് സിനിമ ആരംഭിക്കുന്ന വിവരം പ്രണവും രാഹുലും അണിയറപ്രവര്‍ത്തകരും പോസ്റ്റര്‍ പങ്കുവച്ച് പ്രഖ്യാപിച്ചത്.

സിനിമയുടെ ആര്‍ട്ട് ചെയ്യുന്നത് ജ്യോതിഷ് ശങ്കര്‍. എഡിറ്റിങ് ഷഫീഖ് മുഹമ്മദ് അലി. സൗണ്ട് ഡിസൈന്‍ ജയദേവന്‍ ചക്കാടത്ത്. സൗണ്ട് മിക്‌സ് രാജാകൃഷ്ണന്‍ എം.ആര്‍ മേക്കപ്പ് റോണെക്‌സ് സേവ്യര്‍. സ്റ്റണ്ട്‌സ് കലൈ കിങ്‌സണ്‍. വിഎഫ്എക്‌സ് ഡിജി ബ്രിക്‌സ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹന്‍.

രാഹുല്‍ സദാശിവനുമായി വീണ്ടും ഒന്നിക്കുന്നതില്‍ തങ്ങള്‍ ഏറെ ആവേശഭരിതരാണെന്നും ഭ്രമയുഗത്തിന്റെ മികച്ച ടീമിനൊപ്പം ചേര്‍ന്ന് മറ്റൊരു അമ്പരപ്പിക്കുന്ന കഥക്ക് ജീവന്‍ പകരാനുള്ള ശ്രമത്തിലാണെന്നും നിര്‍മ്മാതാക്കളായ ചക്രവര്‍ത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവര്‍ പറഞ്ഞു.

ഹൊറര്‍ ത്രില്ലര്‍ എന്ന വിഭാഗത്തിന്റെ സാദ്ധ്യതകള്‍ കൂടുതല്‍ ഉപയോഗിക്കുന്നതും പ്രണവ് മോഹന്‍ലാല്‍ എന്ന നടന്റെ കഴിവിനെ ഇതുവരെ കാണാത്ത രീതിയില്‍ അവതരിപ്പിക്കുന്നതുമായിരിക്കും ഈ ചിത്രമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

Read more