ജിസ്യ പാലോറാന്‍
മഞ്ജു വാര്യര്‍ നായികയായെത്തുന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രമാണ് “പ്രതി പൂവന്‍കോഴി”. മഞ്ജു വാര്യര്‍ എന്ന അഭിനയപ്രതിഭക്കൊപ്പം റോഷന്‍ ആന്‍ഡ്രൂസ് എന്ന സംവിധായകന്റെ കട്ട വില്ലനിസവുമാണ് ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്.
നമ്മുടെ സമൂഹത്തില്‍ ദിവസവും സ്ത്രീകള്‍ക്ക് നേരെയുണ്ടാവുന്ന അതിക്രമങ്ങളിലേക്കാണ് ചിത്രം വിരല്‍ ചൂണ്ടുന്നത്. മാധുരി എന്ന സെയില്‍ ഗേള്‍ ആയാണ് മഞ്ജു വാര്യര്‍ വേഷമിടുന്നത്. മാധുരിയുടെ കാഴ്ചപ്പാടിലൂടെ പറയുന്ന ചിത്രം സ്ത്രീപക്ഷ സിനിമയായാണ് ഒരുക്കിയിരിക്കുന്നത്.
തുടക്കത്തില്‍ ഒരു സെയില്‍സ് ഗേളിന്റെ ബുദ്ധിമുട്ടുകളും ചിത്രം പറഞ്ഞു പോകുന്നുണ്ട്. ആന്റപ്പന്‍ (റോഷന്‍ ആന്‍ഡ്രൂസ്) എന്ന വില്ലന്റെ ഇന്‍ട്രൊഡക്ഷനോടെയാണ് കഥ ആരംഭിക്കുന്നത്. ബസില്‍ വച്ചുണ്ടാകുന്ന ദുരനുഭവത്തെ തുടര്‍ന്ന് ആന്റപ്പനെ പിന്തുടരുന്ന കരുത്തയായ മാധുരിയുടെ കഥയാണ് ചിത്രം.
സെക്കന്‍ഡ് ഹാഫ് അല്‍പ്പം കൂടി ഉദ്യോഗജനകമാകുന്നു. സൈജു കുറുപ്പ് അവതരിപ്പിക്കുന്ന എസ്‌ഐ ശ്രീനാഥ് എന്ന കഥാപാത്രം കൂടി മാധുരിയുടെ ജീവിതത്തിലേക്ക് കടന്നുവരുന്നതോടെ ചിത്രത്തിന് ഒരു ത്രില്ലര്‍ മൂഡ് നല്‍കുന്നു.
തനിക്ക് നേരിട്ട മോശം അനുഭവത്തോട് പ്രതികരിക്കുന്ന കരുത്തയായ സ്ത്രീയെയാണ് മാധുരിയില്‍ കാണാന്‍ സാധിക്കുക. സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളില്‍ മറ്റുള്ളവര്‍ എന്ത് കരുതുമെന്ന് ആലോചിച്ച് അവര്‍ തന്നെ പ്രതികരിക്കാന്‍ മടിക്കുന്നിടത്ത് ഒന്നിനു മുന്നിലും അടി പതറാതെ പ്രതികരിക്കുന്ന കരുത്തയായ സ്ത്രീയെയാണ് മഞ്ജു അവതരിപ്പിക്കുന്നത്.
കോട്ടയം, കുമരകം എന്നീ പ്രദേശങ്ങളിലായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ഉണ്ണി ആറിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രത്തില്‍ അദ്ദേഹത്തിന്റെ ചെറുകഥകളില്‍ പ്രതിപാദിക്കുന്ന ലോകത്തോടും സാമ്യമുണ്ട്. മഞ്ജുവിന്റെ കരുത്തയായ മറ്റൊരു സ്ത്രീ കഥാപാത്രം തന്നെയാണ് മാധുരി. അതിനൊപ്പം ആന്റപ്പന്‍ എന്ന മികച്ച വില്ലനായി റോഷന്‍ ആന്‍ഡ്രൂസും തിളങ്ങുന്നുണ്ട്. അനുശ്രീ അവതരിപ്പിച്ച റോസമ്മ, ഗ്രേസ് ആന്റണി അവതരിപ്പിച്ച ഷീബ, അലന്‍സിയര്‍ അവതരിപ്പിച്ച ഗോപി എന്നിവരും മികച്ച അഭിനയം തന്നെ കാഴ്ചവെക്കുന്നു.