മലയാളത്തിന്റെ നിത്യഹരിത നായകന്‍ പ്രേംനസീര്‍ വിട പറഞ്ഞ് 30 വര്‍ഷം പിന്നിടുമ്പോള്‍ അദേഹത്തിന്റെ ഓര്‍മ്മകളുറങ്ങുന്ന ഭവനം ‘ലൈല കോട്ടേജ്’ വില്പനയ്ക്ക് വെച്ചിരിക്കുകയാണ്. തിരുവന്തപുരം ചിറയന്‍കീഴ് പുലിമൂട് ജംഗ്ഷന് സമീപമാണ് പ്രേംനസീറിന്റെ വീടായ ‘ലൈല കോട്ടേജ്’. വീടിന് 60 വര്‍ഷത്തോളം പഴക്കമുണ്ടെങ്കിലും കോണ്‍ക്രീറ്റിനോ ചുമരുകള്‍ക്കോ കേടുപാടില്ല. എന്നാല്‍, ജനലുകളും വാതിലുകളും ചിതലരിച്ച് തുടങ്ങിയിട്ടുണ്ട്. ആരും നോക്കാനില്ലാതെ അനാഥമായ അവസ്ഥയിലാണ് വീട്.
ധാരാളം സിനിമാ പ്രേമികള്‍ ഇവിടെ സന്ദര്‍ശനം നടത്താറുണ്ട്. പ്രേംനസീറിന്റെ ഇളയമകള്‍ റീത്തയ്ക്കാണ് വീട് ലഭിച്ചിരുന്നത്. പിന്നീട് റീത്ത മകള്‍ക്ക് വീട് കൈമാറി. വിദേശത്ത് താമസിക്കുന്ന കുടുംബത്തിന് വീട് നോക്കുന്നത് പ്രയാസമായതിനെതുടര്‍ന്നാണ് വില്‍ക്കാന്‍ തീരുമാനിച്ചത്.
സിനിമാ പ്രേമികള്‍ക്കും സിനിമാതാരങ്ങള്‍ക്കും പ്രിയപ്പെട്ട ‘ലൈലാ കോട്ടേജ്’ വില്‍ക്കാനുള്ള തീരുമാനത്തിന് പിന്നാലെ നെറ്റിസണ്‍സ് രംഗത്തെത്തി. സ്വകാര്യ വ്യക്തികള്‍ വീട് സ്വന്തമാക്കും മുമ്പ് സര്‍ക്കാര്‍ ലൈല കോട്ടേജ് ഏറ്റെടുക്കണമെന്നാണ് അവര്‍ അഭിപ്രായപ്പെടുന്നത്. സര്‍ക്കാര്‍ വിലയ്ക്കുവാങ്ങി സ്മാരകം ആക്കണമെന്നാണ് നാട്ടുകാരുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും ആവശ്യം