അക്ഷയ് കുമാര്‍ ചിത്രം ‘സാമ്രാട്ട് പൃഥ്വിരാജ്’ ബോക്‌സോഫീസില്‍ പരാജയമടയുകയാണ്. നാലാം ദിനത്തില്‍ ചിത്രം 4.85 കോടിയ്ക്കും 5.15 കോടിയ്ക്കും ഇടയില്‍ മാത്രമാണ് കളക്റ്റ് ചെയ്തത് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അക്ഷയ് കുമാറിന്റെ സിനിമാ കരിയറിലെ വമ്പന്‍ പരാജയങ്ങളില്‍ ഒന്നാകും ചിത്രമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ കണക്ക് കൂട്ടുന്നത്.
270- 300 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രം ഇതുവരെ 45 കോടിയോളം രൂപ മാത്രമാണ് ബോക്‌സോഫീസില്‍ നിന്ന് സ്വന്തമാക്കിയത്. ഡിജിറ്റല്‍, സാറ്റലൈറ്റ് അവകാശങ്ങള്‍ കണക്ക് കൂട്ടിയാല്‍ പോലും ചിത്രം 100 കോടിയിലധികം നഷ്ടമുണ്ടാക്കുമെന്നും അനലിസ്റ്റുകള്‍ അറിയിക്കുന്നു. ചിത്രത്തിന് യുപി ഉള്‍പ്പടെ നിരവധി സംസ്ഥാനങ്ങള്‍ നികുതി ഇളവുകള്‍ നല്‍കിയിരുന്നു എന്നതും ശ്രദ്ധേയമാണ്.
‘സാമ്രാട്ട് പൃഥ്വിരാജി’നൊപ്പം റിലീസ് ചെയ്ത ‘വിക്രം’, ‘മേജര്‍’ എന്നീ തെന്നിന്ത്യന്‍ ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണം ബോക്‌സോഫീസില്‍ നിന്ന് ലഭിക്കുന്നുണ്ട്. ു.ചന്ദ്രപ്രകാശ് ദ്വിവേദിയാണ് ‘സാമ്രാട്ട് പൃഥ്വിരാജി’ന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.
സഞ്ജയ് ദത്ത്, സോനു സൂദ്, മാനവ് വിജ്, അശുതോഷ് റാണ, സാക്ഷി തന്‍വാര്‍, ലളിത് തിവാരി, അജോയ് ചക്രവര്‍ത്തി, ഗോവിന്ദ് പാണ്ഡേ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യാഷ് രാജ് ഫിലിംസ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.