കടുവയ്ക്ക് പിന്നാലെ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ‘കാപ്പ’യിലെ പൃഥ്വിരാജിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. കൊട്ട മധു എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. നാല് വിരലുകള്‍ മാത്രം നിവര്‍ത്തി കൈ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നതും ഫോണിലും നോക്കിയിരിക്കുന്നതുമായ പൃഥ്വിയുടെ രണ്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയായിൽ പങ്കുവച്ചിട്ടുള്ളത്.
ലേലം വിളിക്കുന്ന പൃഥ്വിരാജാണ് ചിത്രത്തിലുള്ളതെന്നാണ് ആരാധകര്‍ പറയുന്നത്. ജിനു വി എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയേറ്റര്‍ ഓഫ് ഡ്രീംസ് , ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്റെ സഹകരണത്തില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ‘കാപ്പ’.
പൃഥ്വിരാജിനെ കൂടാതെ മഞ്ജു വാര്യര്‍, ആസിഫ് അലി, ദിലീഷ് പോത്തന്‍, ജഗദീഷ്, നന്ദു എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രത്തിലെത്തുന്നുണ്ട്. ചിത്രത്തിൻ്റെ ഛായഗ്രഹണം നിർവഹിച്ചിരിക്കുന്നത് ജോമോന്‍ ടി ജോണാണ്.
ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ‘ശങ്കുമുഖി’യെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുങ്ങുന്നത്. ഇന്ദുഗോപന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്.