പൃഥ്വിരാജ്-ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു, പുതിയ ചിത്രം പ്രഖ്യാപിച്ചു

പൃഥ്വിരാജിനെ നായകനാക്കി വീണ്ടും സിനിമയൊരുക്കാന്‍ ജീത്തു ജോസഫ്. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ ധനസമാഹരണാര്‍ത്ഥം നിര്‍മ്മിക്കുന്ന സിനിമയാണിത്. കൊച്ചിയില്‍ ചേര്‍ന്ന ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ വാര്‍ഷിക പൊതുയോഗത്തിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്.

ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനു വേണ്ടി അഭിഷേക് ഫിലിംസിന്റെ ബാനറില്‍ രമേശ് പി പിള്ളയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജീത്തു ജോസഫ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കുന്നത്. ചിത്രത്തിന്റെ മറ്റു താരനിരയോ സാങ്കേതികപ്രവര്‍ത്തകരോ ആരൊക്കെയെന്ന് പ്രഖ്യാപിച്ചിട്ടില്ല. സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ ഇതിനകം ആരംഭിച്ചു.

പൃഥ്വിരാജിനെ നായകനാക്കി ഇതിനു മുമ്പ് രണ്ട് ചിത്രങ്ങളാണ് ജീത്തു ഒരുക്കിയത്. 2013ല്‍ പുറത്തെത്തിയ മെമ്മറീസും 2016ല്‍ പുറത്തെത്തിയ ഊഴവുമാണ് ഇവ. ഇതില്‍ മെമ്മറീസ് വലിയ വിജയമാണ് നേടിയതെങ്കില്‍ ഊഴം അത്രത്തോളം ശ്രദ്ധ നേടിയില്ല.

Read more

മോഹന്‍ലാല്‍ നായകനായെത്തിയ 12ത്ത് മാന്‍ ആണ് ജീത്തുവിന്റെ സംവിധാനത്തില്‍ അവസാനം പുറത്തിറങ്ങിയ സിനിമ. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ഡയറക്ട് റിലീസ് ആയിരുന്നു ഇത്.