ലൂസിഫര്‍ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം വലിയ ആവേശത്തോടെയാണ് മലയാള സിനിമാലോകം ഏറ്റെടുത്തിരിക്കുന്നത്. എമ്പുരാന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം എന്ത് അത്ഭുതമാണ് സൃഷ്ടിക്കാന്‍ പോകുന്നത് എന്ന കാത്തിരിപ്പിലും ആകാംക്ഷയിലുമാണ് ആരാധകര്‍. 200 കോടിയും കടന്ന ലൂസിഫറിനേക്കാള്‍ പ്രതീക്ഷയാണ് എമ്പുരാനില്‍ ആരാധകര്‍ അര്‍പ്പിക്കുന്നത്. ആരാണ് എമ്പുരാന്‍ എന്നാണ് ഇപ്പോള്‍ ഉയരുന്ന പ്രധാന ചോദ്യം. പൃഥ്വിരാജ് തന്നെ അതിനെ പറ്റി പറഞ്ഞിരിക്കുകയാണ്.
“കുറച്ചു മാത്രം ഉപയോഗിക്കുന്നതു കൊണ്ട് ആരും തിരിച്ചറിയാത്ത ഒരു വാക്കാണ് “എമ്പുരാന്‍”. തമ്പുരാന്‍ അല്ല എമ്പുരാന്‍. തമ്പുരാന്റെയും ദൈവത്തിന്റെയും ഇടയിലുള്ള ഒരു അസ്തിത്വമാണ് (entity). മോര്‍ ദാന്‍ എ കിംഗ്, ലെസ് ദാന്‍ എ ഗോഡ്. the overlord എന്നതാണ് അതിന്റെ ശരിയായ അര്‍ത്ഥം . രണ്ടാം ഭാഗം ആണെങ്കിലും ലൂസിഫറില്‍ കണ്ടതിന്റെ തുടര്‍ച്ച മാത്രമല്ല എമ്പുരാന്‍. പല കഥാപാത്രങ്ങളുടെയും മുന്‍കാലവും പറയുന്ന ചിത്രമായിരിക്കും ഇത്.” പൃഥ്വിരാജ് പറഞ്ഞു.
ലൂസിഫറില്‍ മുരളി ഗോപി എഴുതി ദീപക് ദേവ് സംഗീതം നല്‍കി ഉഷ ഉതുപ്പ് ആലപിച്ച എമ്പുരാനെ എന്ന് തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അടുത്ത വര്‍ഷം രണ്ടാം പകുതിയോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. ലൂസിഫര്‍ പോലെ തന്നെ എമ്പുരാനും ഒരുപാട് ലൊക്കേഷനുകളുണ്ട്. കേരളമായിരിക്കും പ്രധാന ലൊക്കേഷന്‍.