മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാകുന്ന “ബറോസ്” ചിത്രത്തിന്റെ പുതിയ വിശേഷം പങ്കുവെച്ച് പൃഥ്വിരാജ്. സിനിമയുടെ ഷൂട്ടിംഗ് സ്‌ക്രിപ്റ്റ് കൈയില്‍ കിട്ടിയ വിവരമാണ് പൃഥ്വിരാജ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിട്ടിരിക്കുന്നത്. സ്‌ക്രിപ്റ്റിന്റെ ചിത്രം പങ്കുവെച്ചാണ് പൃഥ്വിരാജ് ഇക്കാര്യം ആരാധകരുമായി പങ്കിട്ടത്.
ബറോസിന്റെ പ്രീ-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചതിന്റെ വിവരങ്ങളും ചിത്രങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നിരുന്നു. മോഹന്‍ലാലും പൃഥ്വിരാജും ആന്റണി പെരുമ്പാവൂരും കൂടിയുള്ള ആദ്യഘട്ട ചര്‍ച്ചകളുടെ ചിത്രങ്ങളാണ് പുറത്തു വന്നത്. പൃഥ്വിരാജും ബറോസില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഭൂതമാണ് ബറോസ്. നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാര്‍ത്ഥ അവകാശിക്കായാണ് കാത്തിരിക്കുന്നത് നിധി തേടി ഒരു കുട്ടി എത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം. പോര്‍ച്ചുഗീസ് പശ്ചാത്തലത്തിലാണ് ബറോസ് ഒരുങ്ങുന്നത്.
മോഹന്‍ലാല്‍ ആണ് ബറോസ് ആയി എത്തുന്നത്. താരത്തിന്റെ മകള്‍ വിസ്മയ സംവിധാന സഹായായി ചിത്രത്തില്‍ പ്രവര്‍ത്തിക്കും. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന “മൈ ഡിയര്‍ കുട്ടിച്ചാത്തന്‍” സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്.