സിനിമാ താരങ്ങളും സാങ്കേതിക വിദഗ്ദ്ധരും പ്രതിഫലം കുറയ്ക്കണം; ആവശ്യവുമായി പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍

മലയാള സിനിമയിലെ താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യവുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. കോവിഡ് ലോക്ഡൗണിനിടെ സിനിമകളുടെ ചിത്രീകരണവും മറ്റും മുടങ്ങിയതിനാല്‍ സംഭവിച്ച സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നാണ് നിര്‍മ്മാതാക്കളുടെ നിലപാട്. എന്നാല്‍ ഇതേ കുറിച്ച് തല്‍ക്കാലം പ്രതികരിക്കാനില്ലെന്നാണ് താരസംഘടനയായ അമ്മയുടെ തീരുമാനം.

മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകള്‍ക്ക് അടക്കം ഒരു സിനിമയ്ക്ക് കോടികളാണ് പ്രതിഫലം. സാറ്റലൈറ്റ് വിലയുള്ള നടന്‍മാര്‍ക്ക് 75 ലക്ഷത്തിന് മുകളിലും. കോവിഡ് ഏല്‍പ്പിച്ച ആഘാതം വലുതാണെന്നും ഇനി ഇങ്ങനെ മുന്നോട്ടു പോകാനാവില്ലെന്നുമാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. താരങ്ങള്‍ക്ക് പുറമെ പ്രധാന സാങ്കേതിക വിദഗ്ദ്ധരും പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാകണം.

വെള്ളിയാഴ്ച കൊച്ചിയില്‍ ചേരുന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നിര്‍വ്വാഹക സമിതി ഇക്കാര്യം ചര്‍ച്ച ചെയ്യും. തുടര്‍ന്ന് വിവിധ സംഘടനകളുമായി ചര്‍ച്ച നടത്തും. ഇന്‍ഡോര്‍ ഷൂട്ടിംഗിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും മലയാള സിനിമകളുടെ ചിത്രീകരണം ഉടന്‍ തുടങ്ങില്ല. ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ ഷൂട്ടുകള്‍ ഒരുമിച്ച് നടന്നില്ലെങ്കില്‍ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നാണ് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കുന്നത്.