9 മലയാള സിനിമകള്‍ ഒന്നിച്ച് റിലീസ് ചെയ്തതിന് എതിരെ നിര്‍മ്മാതാവ് സി.വി സാരഥി. സന്തോഷം, പ്രണയ വിലാസം, ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്, പാതിരാക്കാറ്റ്, പള്ളിമണി, ബൂമറാംഗ്, ഏകന്‍,ഡിവോഴ്‌സ്, ഓഹ് മൈ ഡാര്‍ലിങ്‌സ്, ഒരണ എന്നീ ചിത്രങ്ങളാണ് ഈ ആഴ്ച റിലീസ് ചെയ്തത്.
ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് സാരഥി സിനിമകളുടെ ഒരേ ദിവസത്തെ കൂട്ട റിലീസിനെതിരെ വിമര്‍ശനമുന്നയിച്ചത്. ഒരു ദിവസം നിരവധി സിനിമകള്‍ റിലീസിന് വരുമ്പോള്‍ ഒന്നുപോലും ശ്രദ്ധിക്കപ്പെടില്ലെന്നും കൂട്ട ആത്മഹത്യ എന്ന രീതിയില്‍ ഇതിനെ കാണേണ്ടി വരും.
കഴിഞ്ഞ നാലാഴ്ചയായി മലയാള സിനിമയില്‍ സംഭവിക്കുന്നതിതാണ്. എല്ലാ ആഴ്ചയും നാലോ അഞ്ചോ മലയാള ചിത്രങ്ങള്‍ റിലീസിന് തയ്യാറായിട്ടുണ്ടാകും. ഈ മത്സരത്തില്‍ ഒന്നോ രണ്ടോ ചിത്രങ്ങള്‍ക്ക് മാത്രമായിരിക്കും വിജയിക്കാനാവുകയെന്നും സി.വി സാരഥി പറഞ്ഞു.
ഈ പ്രവണത നിയന്ത്രിക്കണമെന്നും വിനോദ വ്യവസായത്തിന്റെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് മത്സരം എല്ലായ്‌പ്പോഴും നല്ലതല്ലെന്നും നിര്‍മ്മാതാവ് കുറിപ്പിലൂടെ പറഞ്ഞു. മലയാളത്തിലെ മുന്‍നിര നിര്‍മാണ കമ്പനിയായ ഇ 4 എന്റര്‍ടെയിന്‍മെന്റ് കമ്പനിയുടെ സ്ഥാപകനാണ് സി.വി സാരഥി.