ക്ലാസിക് സിനിമകളുടെ നിര്‍മ്മാതാവ് ഗാന്ധിമതി ബാലന്‍ അന്തരിച്ചു

പ്രമുഖ ചലച്ചിത്ര നിര്‍മാതാവ് ഗാന്ധിമതി ബാലന്‍ (66) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. പഞ്ചവടി പാലം, തൂവാനത്തുമ്പികള്‍ തുടങ്ങി മലയാളത്തിലെ പല ഹിറ്റ് സിനിമകളും നിര്‍മ്മിച്ചിട്ടുണ്ട്.

ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ഇത്തിരി നേരം ഒത്തിരി കാര്യം എന്ന സിനിമയിലൂടെയാണ് നിര്‍മാണരംഗത്ത് ഗാന്ധിമതി ബാലന്‍ എത്തുന്നത്. ദാമിന്റെ വാരിയെല്ല്, പഞ്ചവടി പാലം, മൂന്നാം പക്കം, തൂവാനത്തുമ്പികള്‍, സുഖമോ ദേവി, മാളൂട്ടി, നൊമ്പരത്തിപ്പൂവ്, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, ഈ തണുത്ത വെളുപ്പാന്‍ കാലത്ത്, ഇരകള്‍, പത്താമുദയം തുടങ്ങി 30ല്‍ ഏറെ സിനിമകളുടെ നിര്‍മാണവും വിതരണവും നടത്തി.

സ്ഫടികം, കിലുക്കം എന്നിവയുടെ നിര്‍മാണ ചുമതലകള്‍ക്ക് നേതൃത്വം നല്‍കിയ അദ്ദേഹം തിരുവനന്തപുരത്തെ ധന്യ, രമ്യ തിയേറ്റര്‍ ഉടമ കൂടിയായിരുന്നു. ബാലന്റെ അമ്മയ്ക്ക് മഹാത്മാ ഗാന്ധി നല്‍കിയ പേരായിരുന്നു ഗാന്ധിമതി എന്നത്. അതിനാല്‍ അമ്മയുടെ പേര് സ്വന്തം പേരിനൊപ്പം ചേര്‍ക്കുകയായിരുന്നു.

Read more

63 വയസില്‍ മകള്‍ക്കൊപ്പം ആലിബൈ എന്ന പേരില്‍ സൈബര്‍ ഫോറെന്‍സിക് ലാബും സൈബര്‍ ഫോറന്‍സിക് സോഫ്റ്റ്വെയറുകളും ചേര്‍ന്ന സ്ഥാപനത്തിന്റെ അമരത്തേക്ക് ബാലന്‍ കടന്നിരുന്നു. അവതാരകയും സംരംഭകയുമായ സൗമ്യ ബാലന്‍ മകളാണ്.