ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടരുത്; ഹൈക്കോടതിയെ സമീപിച്ച് നിര്‍മ്മാതാവ് സജിമോന്‍ പറയില്‍

ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ ഹര്‍ജി. നിര്‍മ്മാതാവ് സജിമോന്‍ പറയിലാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടണമെന്ന വിവരാവകാശ കമ്മീഷന്‍ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി.

മലയാള സിനിമാ ലോകത്തെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടാന്‍ ആയിരുന്നു സര്‍ക്കാറിന്റെ തീരുമാനം. 62 പേജ് ഒഴിവാക്കിയാണ് റിപ്പോര്‍ട്ട് പുറത്തുവിടാനിരുന്നത്. മൊഴികളടക്കമുള്ള, സ്വകാര്യത ഹനിക്കുന്നെന്ന് കണ്ടെത്തിയ പേജുകളാണ് ഒഴിവാക്കിയത്.

അഞ്ച് വര്‍ഷത്തിന് ശേഷമാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി രാജന്‍ ഖോബ്രഗഡെയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി റിപ്പോര്‍ട് പരിശോധിച്ച ശേഷമാണ് 295 പേജുകളില്‍ 62 പേജുകള്‍ ഒഴിവാക്കി 233 പേജുകളാണ് പുറത്തു വിടാന്‍ തീരുമാനിച്ചത്.

ഒഴിവാക്കുന്ന പേജുകള്‍ നിയമവകുപ്പും പരിശോധിച്ചിരുന്നു. അതിനുശേഷമാണ് അന്തിമ തീരുമാനത്തിലെത്തിയത്. ഒഴിവാക്കിയ ഭാഗങ്ങള്‍ കൂടുതലും നടിമാരും സാങ്കേതിക പ്രവര്‍ത്തകരും ഉള്‍പ്പെടെ നല്‍കിയ മൊഴികളാണ്.

ഇവര്‍ കമ്മീഷന് മുന്നില്‍ മൊഴി നല്‍കിയത് പുറത്ത് പോകരുതെന്ന നിബന്ധനയോടെയാണെന്നും, അതുകൊണ്ടു തന്നെ സര്‍ക്കാരും ഇക്കാര്യം ശ്രദ്ധിക്കണമെന്ന് റിപ്പോര്‍ട് കൈമാറുമ്പോള്‍ ജസ്റ്റിസ് ഹേമ സര്‍ക്കാരിനോടും നിര്‍ദേശിച്ചിരുന്നു.

Read more