‘ലിയോ’യില്‍ വേഷമിട്ട മലയാളി താരങ്ങള്‍ എല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. മാത്യു തോമസ്. മഡോണ സെബാസ്റ്റിയന്‍, ബാബു ആന്റണി, ശാന്തി മായ ദേവി എന്നിവരാണ് ലിയോയില്‍ വേഷമിട്ട മലയാളി താരങ്ങള്‍. എന്നാല്‍ ഇവര്‍ കൂടാതെ മലയാളത്തില്‍ നിന്നുള്ള മറ്റൊരു താരം കൂടി ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.
നടി പുണ്യ എലിസബത്ത് ആണ് ആ താരം. ലിയോയില്‍ ഒരൊറ്റ സീനില്‍ മാത്രമേ പുണ്യ പ്രത്യക്ഷപ്പെട്ടിട്ടുള്ളു. തൃഷയോട് സംസാരിക്കുന്ന ആ രംഗം പങ്കുവച്ചാണ് ഇക്കാര്യം പുണ്യ വെളിപ്പെടുത്തിയത്. വലിയ വാദങ്ങളൊന്നുമില്ല, ഇങ്ങനെയൊരു അവസരം ലഭിച്ചതില്‍ നന്ദിയുണ്ട് എന്ന ക്യപ്ഷനോടെയാണ് ഈ ചിത്രം പുണ്യ പങ്കുവച്ചത്.
തൃഷയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചപ്പോഴാണ് പുണ്യയും ചിത്രത്തില്‍ അഭിനയിച്ചിരുന്നുവെന്ന് പ്രേക്ഷകര്‍ അറിയുന്നത്. ഇതോടെ നിരവധി കമന്റുകളാണ് നടിക്ക് ലഭിക്കുന്നത്. ‘ഇതിലും ഭേദം ഷൂട്ടിംഗ് കണ്ടിട്ട് തിരികെ വരുന്നതായിരുന്നു’ എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് നടി മറുപടി നല്‍കിയിട്ടുമുണ്ട്.
”വലിയ വേഷമാണ് ചെയ്തതെന്ന് ഞാന്‍ ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. എന്നിരുന്നാലും ഞാന്‍ നന്ദിയുള്ളവളാണ്. എനിക്ക് ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനും നേടാനുമുണ്ടെന്ന് എന്നെ തന്നെ ഓര്‍മിപ്പിക്കാന്‍ വേണ്ടി മാത്രമാണ് ഈ പോസ്റ്റ്” എന്നാണ് പുണ്യയുടെ മറുപടി.
അതേസമയം, 2018ല്‍ ‘തൊബാമ’ എന്ന ചിത്രത്തിലൂടെയാണ് പുണ്യ മലയാള സിനിമയിലേക്ക് എത്തുന്നത്. ‘ഗൗതമന്റെ രഥം’ എന്ന ചിത്രത്തില്‍ വേഷമിട്ട താരം ദുല്‍ഖര്‍ ചിത്രം ‘ചാര്‍ലി’യുടെ റീമേക്ക് ആയ ‘മാര’യിലും വേഷമിട്ടിട്ടുണ്ട്.