അല്ലു അര്‍ജുന്‍ ചിത്രം ‘പുഷ്പ 2’വിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളി പിഴയിട്ട് തെലങ്കാന ഹൈക്കോടതി. ചന്ദനക്കടത്തും അക്രമവും മഹത്വല്‍ക്കരിക്കുന്നുവെന്നും യുവാക്കളെ വഴിതെറ്റിക്കുമെന്നും ആരോപിച്ചാണ് സരരാപു ശ്രീശൈലം എന്ന വ്യക്തി സിനിമയ്‌ക്കെതിരെ ഹര്‍ജി നല്‍കിയത്. അതിനാല്‍ സിനിമയുടെ റിലീസ് തടയണം എന്നായിരുന്നു ആവശ്യം.
എന്നാല്‍ സിനിമയുടെ റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സമര്‍പ്പിച്ച ഹര്‍ജിയുടെ ഉദ്ദേശത്തെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ച കോടതി ഹര്‍ജിക്കാരനെ രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു. കോടതിയുടെ സമയം ദുരുപയോഗം ചെയ്യുന്നത് വച്ചുപൊറുപ്പിക്കാനാകില്ലെന്ന മുന്നറിയിപ്പും കോടതി നല്‍കി.
വ്യക്തമായ തെളിവുകളില്ലാതെയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. റിലീസ് നിര്‍ത്തിവയ്ക്കുന്നത് സിനിമയുടെ നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും അനാവശ്യമായ ദോഷം വരുത്തും. കോടതിയുടെ സമയം മെനക്കെടുത്തിയതിന് ഹര്‍ജിക്കാരനെതിരെ കോടതി പിഴയിട്ടു.
ഈ തുക മനുഷ്യക്കടത്തില്‍ നിന്ന് അതിജീവിച്ച സ്ത്രീകളെയും കുട്ടികളെയും പിന്തുണയ്ക്കുന്ന സംഘടനയ്ക്ക് നല്‍കണമെന്നും ആവശ്യപ്പെട്ടു. അതേസമയം, അല്ലു അര്‍ജുന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടി കൊടുത്ത പുഷ്പരാജ് എന്ന കഥപാത്രത്തിന്റെ രണ്ടാംവരവ് സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാണുന്നത്.
Read more
ശ്രീവല്ലി എന്ന നായിക കഥാപാത്രമായാണ് രശ്മിക ചിത്രത്തില്‍ വേഷമിടുന്നത്. യുഎ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഫഹദ് ഫാസിലും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഭന്‍വര്‍ സിംഗ് ഷെഖാവത്ത് എന്ന പൊലീസ് കഥാപാത്രമായാണ് ഫഹദ് ചിത്രത്തില്‍ വേഷമിടുന്നത്.