വരുണ്‍ ധവാന് വേണ്ടി അല്ലു അര്‍ജുനെ തഴയുന്നു! നോര്‍ത്ത് ഇന്ത്യയില്‍ പോര്; 'പുഷ്പ 2' തിയേറ്ററുകളില്‍ നിന്നും പിന്‍വലിക്കും

ബോക്‌സ് ഓഫീസില്‍ 1500 കോടി കടന്ന് കുതിക്കുകയാണ് അല്ലു അര്‍ജുന്‍ ചിത്രം ‘പുഷ്പ 2’. ഡിസംബര്‍ 5ന് തിയേറ്ററുകളിലെത്തിയ ചിത്രം ഹിന്ദി പതിപ്പില്‍ നിന്നാണ് കൂടുതല്‍ കളക്ഷന്‍ നേടിയത്. എന്നാല്‍ പുഷ്പ 2 നോര്‍ത്ത് ഇന്ത്യയിലെ തിയേറ്ററുകളില്‍ നിന്നും പിന്‍വലിക്കാന്‍ ഒരുങ്ങുകയാണ് എന്നാണ് പുതിയ വിവരം. വരുണ്‍ ധവാന്‍ സിനിമയ്ക്ക് വേണ്ടി തിയേറ്ററുടമകള്‍ ഈ കടുത്ത തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്.

ഡിസംബര്‍ 25ന് ആണ് വരുണ്‍ ധവാന്‍-അറ്റ്‌ലി കോമ്പോയില്‍ ഒരുങ്ങുന്ന ‘ബേബി ജോണ്‍’ റിലീസ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഈ ചിത്രത്തിന്റെ വിതരണക്കാര്‍ പുഷ്പ 2വിന്റെ പ്രദര്‍ശനം നിര്‍ത്താനായി നോര്‍ത്തിലെ തിയേറ്ററുടമകളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാല്‍ പുഷ്പ 2വിന്റെ നോര്‍ത്തിലെ വിതരണക്കാരായ അനില്‍ തടാനിയുടെ എഎ ഫിലിംസ്, ചിത്രത്തിന്റെ സ്‌ക്രീന്‍ കൗണ്ട് കുറയ്ക്കരുതെന്ന് തിയേറ്ററുടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വിജയ് ചിത്രം ‘തെരി’യുടെ റീമേക്ക് ആയാണ് ബേബി ജോണ്‍ വരുന്നത്. കീര്‍ത്തി സുരേഷ്, വാമിഖ ഖബ്ബി, സന്യ മല്‍ഹോത്ര, ജാക്കി ഷ്രോഫ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളാകുന്നത്. ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

അതേസമയം, സുകുമാര്‍ ഒരുക്കിയ പുഷ്പ 2 മൈത്രി മൂവീ മേക്കേഴ്‌സ് ആണ് നിര്‍മ്മിച്ചത്. സമ്മിശ്ര പ്രതികരണങ്ങളാണ് തിയേറ്റില്‍ നിന്നും ലഭിക്കുന്നതെങ്കിലും ബോക്സ് ഓഫീസില്‍ സിനിമ കുതിപ്പ് തുടരുകയാണ്. രശ്മിക മന്ദാന, ഫഹദ് ഫാസില്‍, അനസൂയ ഭരദ്വാജ്, സുനില്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.