അല്ലു അര്‍ജുന്‍ ചിത്രം ‘പുഷ്പ’യുടെ വിജയഗാഥ തീരുന്നില്ല. 100 കോടി ക്ലബ്ബില്‍ സിനിമ കയറിയതിനു ശേഷം ചിത്രം ഒടിടിയില്‍ പ്രദര്‍ശനം നടത്തിയിരുന്നു. എന്നാല്‍ പുഷ്പയുടെ ഹിന്ദി പതിപ്പ് പുറത്തിറങ്ങി ഒടിടി പ്രദര്‍ശനം നടത്തിയിട്ടും തിയേറ്ററില്‍ തരംഗം സൃഷ്ടിക്കുകയാണ് ചിത്രം.
പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് പുറത്തുവിട്ട കണക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഒടിടിയില്‍ ചിത്രം റിലീസ് ചെയ്തതിന് ശേഷമുള്ള ആദ്യ ആഴ്ച തിയേറ്ററില്‍ നിന്ന് ലഭിച്ചത് 7.08 കോടിയും, രണ്ടാംവാരം 6.17 കോടിയും, മൂന്നാംവാരം 4.41 കോടിയും ആണ്. ചിത്രം നിലവില്‍ 100.85 കോടിയാണ് ഹിന്ദി പതിപ്പിന് മാത്രം ഇന്ത്യയില്‍ നിന്ന് ലഭിച്ചിരിക്കുന്നത്.
ഹിന്ദി പതിപ്പിന്റെ ഒടിടി റിലീസിനു ശേഷം ഫെബ്രുവരി മൂന്ന് വരെയുള്ള 21 ദിവസങ്ങളില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 17.66 കോടി രൂപയുടെ കളക്ഷനാണ്. ഒരു ഹിന്ദി ചിത്രത്തിനു പോലും ലഭിക്കാന്‍ കഴിയാത്ത അത്ര നേട്ടമാണ് തെലുങ്കില്‍ നിന്ന് ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്ത ‘പുഷ്പ’യ്ക്ക് ലഭിച്ചിരിക്കുന്നത്.
ഡിസംബര്‍ 17 നാണ് പുഷ്പ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. എല്ലാ മേഖലകളില്‍ നിന്നും മികച്ച പ്രതികരണം നേടി. തെന്നിന്ത്യയിലെ തന്നെ റെക്കോര്‍ഡ് സൃഷ്ടിച്ച ചിത്രമായിരുന്നു പുഷ്പ. ഹിന്ദി പതിപ്പ് ഒരാഴ്ച കൂടി കഴിഞ്ഞ് ജനുവരി 14ന് ആണ് പ്രദര്‍ശനത്തിനെത്തുന്നത്.