‘മനുഷ്യൻ പോയി റോബോട്ട് വന്നാലും ഈ പരിപാടി അങ്ങനേം ഇങ്ങനേം ഒന്നും മാറൂല്ലടോ.. അതിങ്ങനെ ഫാൻസി ഡ്രസ്സ് കളിച്ചു കൊണ്ടേയിരിക്കും’ പുഴുവിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഡയലോഗുകളിലൊന്നാണ് ഇത്. കുട്ടപ്പന്റെ ഡയലോഗ് ശക്തമായ ഒരു രാഷ്ട്രീയ പ്രസ്താവനയായിരുന്നു. ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സീൻ കൂടിയായിരുന്നു ഇത്. പാർവതി അവതരിപ്പിച്ച ഭാരതിയെന്ന കഥാപാത്രത്തെ ചേർത്തുപിടിച്ചുകൊണ്ടാണ് കുട്ടപ്പൻ ഇത് പറയുന്നത്.
ഈ രംഗം ചിത്രീകരിക്കുന്നതിന് മുൻപ് തനിക്ക് വലിയ ആശങ്കയുണ്ടായിരുന്നു എന്നും അത് ഏങ്ങനെയാണ് ഇല്ലാതായതെന്നുമാണ് താരം ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. ഡൂൾ ന്യൂസിന് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു ഇത് വ്യക്തമാക്കിയത്. ആ രംഗം എളുപ്പത്തിൽ ചിത്രീകരിക്കാൻ പാർവതിയും റത്തീനയുമാണ് തന്നെ സഹായിച്ചതെന്നും അപ്പുണ്ണി ശശി പറയുന്നു.
‘ പാർവതി ഈ സിനിമ ചെയ്യാൻ വേണ്ടി എന്റെ കൂടെ നിന്നു എന്ന് തന്നെ പറയണം. പല നിർദേശങ്ങളും അവർ എനിക്ക് തന്നിട്ടുണ്ട്. ആ ബെഡ്‌റൂം സീൻ ഡയറക്ടർ റത്തീനയും പാർവതിയും കൂടി ആദ്യം എനിക്ക് ചെയ്ത് കാണിച്ചു തരികയായിരുന്നു. എങ്ങനെയാണ് ഇത് ചെയ്യുക, ഈ സീൻ എങ്ങനെ വരുമെന്നൊക്കെ ആലോചിച്ചിരുന്നു. എന്റെ ഉള്ളിൽ നല്ല ആശങ്കയുണ്ടായിരുന്നു.
എന്നാൽ അവർ രണ്ടു പേരും എനിക്ക് കുറച്ച് കാര്യങ്ങളൊക്കെ പറഞ്ഞു തന്നു. എന്റേയും പാർവതിയുടേയും കഥാപാത്രം പെരുമാറുന്നതു പോലെ റത്തീനയും പാർവതിയും ഒന്നിച്ച് കട്ടിലിൽ കിടന്ന് ഞങ്ങളുടെ കഥാപാത്രങ്ങൾ വർത്തമാനം പറയുന്നതുപോലെ അഭിനയിച്ചു. എന്തോ ഭാഗ്യത്തിന് ആ സീൻ ആദ്യ ടേക്കിൽ തന്നെ ശരിയായി. മാത്രമല്ല ആ സീനിന് കയ്യടിയൊക്കെ കിട്ടി.
അവരെ ബുദ്ധിമുട്ടിക്കാത്ത രീതിയിൽ പെട്ടെന്ന് തന്നെ സീൻ ഓക്കെയാവാൻ ഞാൻ മനസിൽ പ്രാർത്ഥിച്ചിരുന്നു. പക്ഷേ അവരെ സംബന്ധിച്ച് എത്ര ടേക്ക് പോയാലും അവർ വളരെ വൃത്തിയായി കൃത്യമായി ചെയ്തിരിക്കും. അങ്ങനെ ഒരു മനസുള്ള ആളാണ്. നമ്മുടെ ഉള്ളിൽ മാത്രമാണ് ആശങ്ക. നന്നായിട്ട് വരട്ടെ, പെട്ടെന്ന് ശരിയാവട്ടെ എന്ന് പ്രാർത്ഥിച്ച പോലെ തന്നെ ആ സീനും ആദ്യ ടേക്കിൽ തന്നെ ശരിയായി.
Read more
മമ്മൂട്ടി മുഖ്യവേഷത്തിലെത്തിയ പുഴുവിലെ അപ്പുണ്ണി ശശി അവതരിപ്പിച്ച കുട്ടപ്പൻ എന്ന കഥാപാത്രവും അദ്ദേഹത്തിന്റെ ഡയലോഗുകളും ആരാധകർക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. .