ബ്രഹ്‌മാണ്ഡ ചിത്രങ്ങള്‍ ഇല്ലെങ്കിലും എന്നും ക്വാളിറ്റിയില്‍ ശ്രദ്ധിക്കുന്ന സിനിമാ മേഖലയാണ് മോളിവുഡ്. നിലവില്‍ മലയാള സിനിമ അതിന്റെ സുവര്‍ണ കാലഘട്ടത്തിലൂടെ കടന്നുപോകുന്നത്. ഈ വര്‍ഷം ഇതുവരെ പുറത്തിറങ്ങിയ സിനിമകളുടെ കളക്ഷന്‍ എടുത്താല്‍ മലയാള സിനിമ 1000 കോടി ക്ലബ്ബിലേക്കാണ് കുതിക്കുന്നത്. 236 കോടി കളക്ഷന്‍ നേടിയ ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ ആണ് മലയാളത്തിലെ ഹൈയെസ്റ്റ് ഗ്രോസിങ് ചിത്രം.
പിന്നാലെ 150 കോടി ക്ലബ്ബില്‍ എത്തിയ ‘ആടുജീവിതം’, സിനിമ ഇപ്പോഴും തിയേറ്ററില്‍ തുടരുകയാണ്. 136 കോടി നേടി ‘പ്രേമലു’ ആണ് പിന്നാലെ. 92 കോടി നേടി ‘ആവേശ’വും തിയേറ്ററുകളില്‍ കുതിപ്പ് തുടരുകയാണ്. ഇതിനിടെ മഞ്ഞുമ്മല്‍ ബോയ്‌സിലും, പ്രേമലുവിലും, ആവേശത്തിലും കോമണ്‍ ആയി എത്തിയ ക്വാളീസ് ആണ് ചര്‍ച്ചകളില്‍ നിറയുന്നത്. സോഷ്യല്‍ മീഡിയ ഇപ്പോള്‍ തിരഞ്ഞു കൊണ്ടിരിക്കുന്നത് മൂന്ന് സിനിമകളിലും ഒരുപോലെ എത്തുന്ന ടൊയോട്ട ക്വാളീസ് വണ്ടിയാണ്.
മഞ്ഞുമ്മല്‍ ബോയ്‌സ് ട്രിപ്പ് അടിക്കുന്ന ക്വാളീസ് മുതല്‍ രംഗണ്ണന്റെ പ്രിയ വാഹനമായ ക്വാളീസ് വരെ ചര്‍ച്ചയാവുകയാണ്. ചിദംബരത്തിന്റെ സംവിധാനത്തില്‍ എത്തിയ മഞ്ഞുമ്മല്‍ ബോയ്‌സില്‍, മഞ്ഞുമ്മല്‍ ടീം ട്രിപ്പ് പോകുന്നത് ഒരു ചുവപ്പ് ക്വാളീസിലാണ്. ഖാലിദ് റഹ്‌മാന്റെ കഥാപാത്രം പ്രസാദ് ആണ് ഈ ക്വാളീസുമായി എത്തുന്നത്. സിനിമയ്‌ക്കൊപ്പം ഈ വണ്ടിയും ശ്രദ്ധ നേടിയിരുന്നു.
ഗിരീഷ് എ.ഡി ചിത്രം ‘പ്രേമലു’വില്‍ ‘വെല്‍കം ടു ഹൈദരാബാദ്’ എന്ന ഗാനരംഗത്തില്‍ ക്വാളീസ് എത്തുന്നുണ്ട്. റീനു സുഹൃത്തുക്കള്‍ക്കൊപ്പം നടന്നു പോകുമ്പോള്‍ എതിര്‍വശത്ത് നിന്ന് പച്ച ക്വാളീസ് പിന്നില്‍ നിന്ന് തള്ളിക്കൊണ്ട് വരുന്ന സച്ചിനും അമല്‍ ഡേവിസും വരുന്നത് ഈ ഗാനരംഗത്തില്‍ കാണാം.
ആവേശത്തിലെ ചുവന്ന ക്വാളീസ് മഞ്ഞുമ്മലില്‍ കണ്ടത് തന്നെയാണ്. രംഗണ്ണന് സ്വന്തമായി ആംഡബര കാറുകളുണ്ടെങ്കിലും ക്വാളീസിനോട് ഒരു പ്രത്യേക സ്‌നേഹമാണ്. അതുകൊണ്ട് തന്നെയാണ് സിനിമയിലെ ഒരു ഫൈറ്റ് സീനില്‍ കാറിന്റെ ഡോര്‍ പോകുമ്പോള്‍ രംഗ അംബാനോട് ദേഷ്യപ്പെടുന്നതും കാണാം. ഈ സിനിമകളില്‍ ക്വാളീസിന് വലിയ റോള്‍ ഒന്നുമില്ലെങ്കിലും ഏറെ ശ്രദ്ധ നേടുന്നുണ്ട്. അതുകൊണ്ട് തന്നെ മലയാള സിനിമയുടെ ഐശ്വര്യം ക്വാളീസ് ആണെന്ന് സോഷ്യല്‍ മീഡിയയില്‍ ചിലരുടെ അഭിപ്രായം.