ക്വീന്‍ നാല് ഭാഷകളില്‍ റീമേക്ക് ചെയ്യുന്നു; ചിത്രീകരണം ഒരേസമയം പാരീസില്‍

കങ്കണ റണാവത്ത് തകര്‍ത്ത് അഭിനയിച്ച ബോളിവുഡ് ചിത്രം ക്വീന്‍ ഒരേ സമയം നാല് ഭാഷകളിലേക്ക് റീമെയ്ക്ക് ചെയ്യുന്നു. നാല് ഭാഷകളിലേക്കുമുള്ള ഷൂട്ടിംഗ് ഒരേസമയത്ത് പാരിസില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലേക്കാണ് ചിത്രം റീമെയ്ക്ക് ചെയ്തുകൊണ്ടിരിക്കുന്നത്.

പഞ്ചാബി പെണ്‍കുട്ടി റാണിയുടെ കഥ പറഞ്ഞെത്തിയ മനോഹര ചിത്രമാണ് ക്വീന്‍. ഈ ചിത്രത്തിലെ അഭിനയത്തിന് കങ്കണയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌ക്കാരം ഉള്‍പ്പെടെ ലഭിച്ചിരുന്നു. റാണിയുടെ വിവാഹം മുടങ്ങുന്നതോടെയാണ് അവള്‍ ഫ്രാന്‍സിലെത്തുന്നത്. അവിടെവെച്ച് അവള്‍ക്കുണ്ടാകുന്ന മാറ്റങ്ങളും ജീവിതപ്രതിസന്ധികളുമാണ് സിനിമയുടെ കഥയ്ക്ക് ആധാരം.

മലയാളത്തില്‍ മഞ്ജിമാ മോഹനാണ് റാണിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തമിഴില്‍ കാജള്‍ അഗര്‍വാള്‍, തെലുങ്കില്‍ തമന്ന, കന്നഡയില്‍ പരുള്‍ യാദവ് എന്നിവരാണ് മറ്റ് നായികമാര്‍. ഇവര്‍ നാല് പേരും ഇപ്പോള്‍ ഫ്രാന്‍സിലുണ്ട്. ഇവരുടെ ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

https://www.facebook.com/Mediente/videos/1734489973236372/

മലയാളത്തില്‍ സംസം എന്നാണ് ചിത്രത്തിന്റെ പേര്. തമിഴില്‍ പാരിസ് പാരിസ് എന്നും കന്നഡയില്‍ ബട്ടര്‍ഫ്‌ളൈ എന്നുമാണ് പേരിട്ടിരിക്കുന്നത്. ക്വീന്‍ വണ്‍സ് എഗെയിന്‍ എന്നാണ് തെലുങ്ക് പേര്.