മലയാളത്തിലെ ഹിറ്റ് ചിത്രം ‘മണിച്ചിത്രത്താഴി’ന്റെ തമിഴ് റീമേക്ക് ആണ് ‘ചന്ദ്രമുഖി’. രജനികാന്ത്, നയന്‍താര, ജ്യോതിക, പ്രഭു എന്നിവര്‍ ഒന്നിച്ച ചന്ദ്രമുഖി ഹിറ്റ് ആയിരുന്നു. ‘ചന്ദ്രമുഖി 2’ വിശേഷങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. രാഘവ ലോറന്‍സും കങ്കണ റണാവത്തും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ആണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
വേട്ടയ്യന്‍ രാജ ആയാണ് രാഘവ ലോറന്‍സ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. പി.വാസു സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം സെപ്റ്റംബര്‍ 19 വിനായക ചതുര്‍ഥി ദിനത്തില്‍ ലോകമെമ്പാടുമുള്ള തിയേറ്ററില്‍ റിലീസ് ചെയ്യും. ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുഭാസ്‌കരനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ആര്‍.ഡി രാജശേഖര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഓസ്‌കാര്‍ ജേതാവ് എം.എം കീരവാണിയാണ്. ദേശീയ അവാര്‍ഡ് ജേതാവ് തോട്ട തരണിയാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. ആന്റണി ആണ് എഡിറ്റിംഗ്.
വടിവേലു, ലക്ഷ്മി മേനോന്‍, മഹിമ നമ്പ്യാര്‍, രാധിക ശരത് കുമാര്‍, വിഘ്‌നേഷ്, രവി മരിയ, സൃഷ്ടി ഡാങ്കെ, സുഭിക്ഷ, വൈ.ജി മഹേന്ദ്രന്‍, റാവു രമേഷ്, സായ് അയ്യപ്പന്‍, സുരേഷ് മേനോന്‍, ശത്രു, ടി എം കാര്‍ത്തിക് എന്നിവരാണ് ചിത്രത്തില്‍ മറ്റ് സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.