മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഭ്രമയുഗം’ പോസ്റ്റർ ചർച്ചയാവുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇറങ്ങിയ സമയത്തുതന്നെ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ‘വിധേയൻ’ എന്ന എന്ന ചിത്രത്തിലെ ഭാസ്ക്കര പട്ടേലർ എന്ന കഥാപാത്രവുമായുള്ള സാമ്യത സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.
ഭ്രമയുഗം ഹൊറർ ഴോണറിൽ പുറത്തിറങ്ങുന്ന സിനിമയാണെങ്കിലും ഭാസ്ക്കര പട്ടേലരുടെ അതേ രൗദ്രതയും ക്രൂരതയും ഇപ്പോഴിറങ്ങിയ പുതിയ പോസ്റ്ററിലും കാണാൻ കഴിയും. വിധേയൻ എന്ന ചിത്രത്തിലെ പ്രശസ്തമായ ഫ്രെയിം വെച്ചാണ് ഭ്രമയുഗത്തിന്റെ പുതിയ പോസ്റ്റർ താരതമ്യപ്പെടുത്തുന്നത്.
‘ഭൂതകാലം’ എന്ന ഹൊറർ ചിത്രത്തിലൂടെ മലയാള സിനിമയിൽ തന്റെ സ്ഥാനമുറപ്പിച്ച യുവ സംവിധായകനാണ് രാഹുൽ സദാശിവൻ. ‘റെഡ് റൈൻ’ എന്ന രാഹുലിന്റെ ആദ്യ സിനിമയും നിരൂപക പ്രശംസകൾ നേടിയിരുന്നു. മലയാളം അത് വരെ കണ്ടു ശീലിച്ച പരമ്പരാഗത ഹൊറർ സിനിമകളിൽ നിന്നും വ്യത്യസത്യമായിരുന്നു ഷെയ്ൻ നിഗവും രേവതിയും മുഖ്യ കഥാപാത്രങ്ങളായെത്തിയ ഭൂതകാലം.
ഭൂതകാലം പോലെ തന്നെ ‘ഭ്രമയുഗവും’ ഹൊറർ- ത്രില്ലർ ഴോണറിലാണ് പുറത്തിറങ്ങുന്നത്. മമ്മൂട്ടിയെ കൂടാതെ അർജുൻ അശോകനും, സിദ്ധാർത് ഭരതനും ചിത്രത്തിൽ മുഖ്യ വേഷത്തിലെത്തുന്നുണ്ട്. അഞ്ചു ഭാഷകളിലായി വമ്പൻ പ്രോജക്ട് ആയാണ് ചിത്രമൊരുങ്ങുന്നത്.
വൈ നോട്ട് സ്റ്റുഡിയോസിന്റെയും നൈറ്റ് ഷിഫ്റ്റിന്റെയും ബാനറിൽ രാമചന്ദ്ര ചക്രവർത്തിയും ശശി കാന്തും നിർമ്മിക്കുന്ന ചിത്രത്തിൽ പ്രശസ്ത മലയാള സാഹിത്യകാരൻ ടി. ഡി രാമകൃഷണനാണ് സംഭാഷണങ്ങൾ എഴുതുന്നത്. രാഹുൽ സദാശിവൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ. ഷെഹ്നാദ് ലാലാണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്, സംഗീതം ക്രിസ്റ്റോ സേവിയർ.