കമ്മട്ടിപ്പാടത്തിന് ശേഷം കൊച്ചിയുടെ പശ്ചാത്തലത്തില്‍ തൊഴിലാളികളുടെ കഥ പറയാന്‍ രാജീവ് രവി. നിവിന്‍ പോളിയെ നായനാക്കി രാജീവ് ഒരുക്കുന്ന തുറമുഖം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു. തെക്കേപ്പാട്ട് ഫിലിംസ് നിര്‍മിക്കുന്ന ചിത്രം കൊച്ചി തുറമുഖം പശ്ചാത്തലമാക്കിയാണ് ഒരുങ്ങുന്നത്. കൊച്ചി പശ്ചാത്തലമായ ചിത്രങ്ങളായിരുന്നു രാജീവ് രവിയുടെ കമ്മട്ടിപ്പാടവും അന്നയും റസൂലും.
നിമിഷ സജയന്‍ ആണ് ചിത്രത്തില്‍ നായിക. ബിജു മേനോന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, അര്‍ജ്ജുന്‍ അശോകന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, മണികണ്ഠന്‍ ആചാരി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. കെ എം ചിദംബരന്‍ രചിച്ച “തുറമുഖം” നാടകത്തെ ആസ്പദമാക്കിയാണ് സിനിമ. അദ്ദേഹത്തിന്റെ മകനായ ഗോപന്‍ ചിദംബരമാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. കൊച്ചി തുറമുഖത്ത് അന്‍പതുകളുടെ തുടക്കത്തില്‍ നടന്ന തൊഴിലാളി സമരങ്ങളും വെടിവയ്പ്പുമെല്ലാം ആധാരമാക്കിയുള്ളതായിരുന്നു കെ എം ചിദംബരത്തിന്റെ നാടകം. അമല്‍ നീരദ് സംവിധാനം ചെയ്ത ഇയോബിന്റെ പുസ്തകത്തിന് തിരക്കഥ ഒരുക്കിയതും ഗോപന്‍ ആയിരുന്നു.
ഹനീഫ് അദേനി സംവിധാനം ചെയ്ത “മിഖായേല്‍” ആണ് നിവിന്റെ ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. ധ്യാന്‍ ശ്രീനിവാസന്‍ സംവിധായകനാവുന്ന “ലവ് ആക്ഷന്‍ ഡ്രാമ”യാണ് നിവിന്റേതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന മറ്റൊരു ചിത്രം. രാജീവ് രവിയുടെ ഭാര്യയും നടിയും സംവിധായകയുമായ ഗീതു മോഹന്‍ദാസിന്റെ മൂത്തോന്‍ എന്ന സിനിമയിലും നിവിന്‍ പോളിയാണ് നായകനായി എത്തുന്നത്.