'കാമുകിക്കൊപ്പം ഡേറ്റുണ്ട് അതുകൊണ്ട് കോടതിയിൽ വരാൻ പറ്റില്ല'; പൊട്ടിച്ചിരിപ്പിച്ച് രാജേഷ് മാധവൻ

കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ന്നാ താൻ കേസ് കൊട്. സിനിമ തിയേറ്ററിൽ റിലീസ് ചെയ്യ്തതിനു പിന്നാലെ ചിത്രത്തിലെ ഓട്ടോ ഡ്രൈവർ രാജേഷ് മാധവനെയും ആരാധകർ ഏറ്റെടുത്തിരുന്നു. ചിത്രത്തിൻ്‍റെ ആദ്യാവസാനം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ഈ കഥാപാത്രം ഈ സിനിമയുടെ വിജയത്തിൽ വഹിക്കുന്ന പങ്ക് ഒട്ടും ചെറുതല്ല.

സുരേഷൻ എന്ന ഓട്ടോ ഡ്രൈവറായി ആദ്യവസാനം ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. കാസർഗോഡ് സ്വദേശിയായ ഈ നടന്റെ ഡയലോഡ് ഡെലിവറി സ്റ്റൈലും ശരീര ഭാഷയുമെല്ലാം വളരെ സ്വാഭാവികമായ ഹാസ്യമാണ് ചിത്രത്തിന് സമ്മാനിക്കുന്നത്.

കോടതിയിലേക്ക് വരാനുള്ള സമൻസ് വരുമ്പോൾ, അന്ന് ഡേറ്റില്ലെന്നും, ആ ദിവസം കാമുകിക്കൊപ്പം ഒരു ഡേറ്റ് ആണെന്നും പറയുന്ന രാജേഷ് മാധവന്റെ ഡയലോഗ് ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ അടക്കം സൂപ്പർ ഹിറ്റാണ്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം എന്നീ സിനിമകൾക്കു ശേഷം രതീഷ് പൊതുവാൾ സംവിധാനം ചെയ്ത ചിത്രമാണ് ന്നാ താൻ കേസ് കൊട്.

Read more

ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, പി പി കുഞ്ഞികൃഷ്ണൻ, ഗായത്രി ശങ്കർ, ബേസിൽ ജോസഫ്, ഉണ്ണിമായ എന്നിവർ പ്രധാന കഥാപാത്രത്തിലെത്തുന്നുണ്ട്. എസ്.ടി.കെ ഫിലിംസിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയും, ഉദയായുടെ ബാനറിൽ കുഞ്ചാക്കോ ബോബൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.