സ്റ്റൈല്‍മന്നന്‍ എന്നൊരു വിശേഷണം തമിഴ് സിനിമ ഒരാള്‍ക്ക് മാത്രമേ നല്‍കിയിട്ടുള്ളു.. കാലം എത്ര കടന്നു പോയാലും അത് രജനികാന്ത് മാത്രമാണ്.. തമിഴകത്തിന്റെ മാത്രമല്ല, ഇന്ത്യന്‍ സിനിമയിലെ തന്നെ സ്‌റ്റൈല്‍മന്നന്‍. ഏതൊരാള്‍ക്കും ഒരു പാഠമാണ് തലൈവരുടെ ജീവിതവും.. 1950ല്‍ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച് ബസ് കണ്ടക്ടറായി ജോലി ചെയ്തു കൊണ്ടിരിക്കുന്നതിന് ഇടയിലാണ് സംവിധായകന്‍ കെ. ബാലചന്ദറിന്റെ ‘അപൂര്‍വരാഗങ്ങള്‍’ എന്ന സിനിമയില്‍ അഭിനയിക്കുന്നത്.
ഒരു നെഗറ്റീവ് ഛായ ഉള്ള ഒരു കഥാപാത്രമായിരുന്നു അതിലേത് തന്റെ കഴിവിന്റെ അങ്ങേയറ്റം പ്രയത്‌നംകൊണ്ട് ആ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് അടുത്ത വര്‍ഷം ബാലചന്ദറിന്റെ തന്നെ തെലുങ്ക് സിനിമയിലൂടെ മുഴുനീളന്‍ കഥാപാത്രമായി രജനികാന്ത് വന്നു. ഇത്തവണ കരിയറില്‍ ഒരു ബ്രേക്ക് ഉണ്ടാക്കാന്‍ രജനികാന്തിന് സാധിച്ചു. അതിന് ശേഷം ഒരുപാട് നല്ല കഥാപാത്രങ്ങള്‍ രജനികാന്തിനെ തേടിയെത്തി അതില്‍ കൂടുതലും നെഗറ്റീവ് സ്വഭാവമുള്ള കഥാപാത്രങ്ങളായിരുന്നു തന്റെ പ്രത്യേക സ്‌റ്റൈല്‍ കൊണ്ട് എല്ലാം പ്രേക്ഷകര്‍ സ്വീകരിച്ച് തുടങ്ങി.
1980 മുതലാണ് രജനികാന്ത് എന്ന നടനില്‍ നിന്ന് സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് ഉള്ള മാറ്റം തുടങ്ങിയത് 80ല്‍ ഇറങ്ങിയ ബില്ല ആയിരുന്നു ഇതിന് തുടക്കമിട്ടത്. അണ്ണാമലൈ, ദളപതി, ബാഷ, അരുണാചലം, പടയപ്പ, ചന്ദ്രമുഖി, ശിവാജി, എന്തിരന്‍ തുടങ്ങി മിക്ക സിനിമകളും സൂപ്പര്‍ ഹിറ്റായി. ഇടയ്ക്ക് സിനിമകള്‍ ഫ്‌ളോപ്പ് ആവാന്‍ തുടങ്ങിയെങ്കിലും ‘ജയിലര്‍’ എന്ന ചിത്രത്തില്‍ തലൈവരുടെ മാസ് തിരിച്ചുവരവാണ് കണ്ടത്. ഇനി പുറത്തിറങ്ങാനിരിക്കുന്നത് മകള്‍ ഐശ്വര്യയ്‌ക്കൊപ്പമുള്ള ‘ലാല്‍ സലാം’ എന്ന ചിത്രവും ലോകേഷ് കനകരാജിനൊപ്പമുള്ള ചിത്രവുമാണ്.
73-ാം ജന്മദിനം ആഘോഷിക്കുകയാണ് രജനികാന്ത് ഇന്ന്. ഇതിനിടെ ഭാര്യ ലതയുമായുള്ള രജനിയുടെ പ്രണയമാണ് ചര്‍ച്ചകളില്‍ നിറയുന്നത്. ‘തില്ലു മല്ലു’ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ച് ഒരു കോളേജ് വിദ്യാര്‍ത്ഥിക്ക് രജനി അഭിമുഖം നല്‍കിയിരുന്നു. ചെന്നൈ എത്തിരാജ് കോളേജിലെ ഇംഗ്ലീഷ് സാഹിത്യ ബിരുദ വിദ്യാര്‍ത്ഥിനിയായ ലത രംഗചാരി ആണ് അഭിമുഖം എടുക്കാനായി വന്നത്.
രസകരമായ ഒരു പ്രണയത്തിന്റെയും വിവാഹത്തിന്റെയും കഥ തുടങ്ങുന്നത് അവിടെ നിന്നാണ്. അഭിമുഖത്തിനിടെ തങ്ങള്‍ തമ്മില്‍ ഒരുപാട് കാര്യങ്ങളില്‍ സമാനതകള്‍ ഉണ്ടെന്ന് ഇരുവരും മനസിലാക്കി. ചുറുചുറുക്കുള്ള പെണ്‍കുട്ടിയെ ഇഷ്ടമായ രജനി വിവാഹം ചെയ്യാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാല്‍ തന്റെ വീട്ടുകാരുടെ സമ്മതത്തോടെ മാത്രമേ വിവാഹം നടക്കൂ എന്നായി ലത. ആശയക്കുഴപ്പത്തിലായ രജനിക്ക് വിവാഹത്തിനുള്ള വഴി തുറന്നത് വൈ.ജി മഹേന്ദ്രനാണ്. ലതയുടെ സഹോദരീ ഭര്‍ത്താവായിരുന്നു അദ്ദേഹം.
ഇദ്ദേഹവുമായും ചില മുതിര്‍ന്ന സിനിമാ പ്രവര്‍ത്തകരുമായും ചര്‍ച്ച ചെയ്ത ശേഷമാണ് രജനി ലതയെ വിവാഹമാലോചിച്ചത്. 1981 ഫെബ്രുവരി 26നായിരുന്നു തിരുപ്പതി ബാലാജി ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. ലതയോട് പ്രണയാഭ്യര്‍ത്ഥന നടത്തുകയായിരുന്നില്ല രജനി ചെയ്തത്, മറിച്ച്, ‘ഞാന്‍ നിന്നെ വിവാഹം ചെയ്യുന്നു’ എന്ന് പറഞ്ഞ ശേഷം അദ്ദേഹം പോവുകയാണ് ചെയ്തത് എന്നും ലത ഒരിക്കല്‍ പറഞ്ഞിരുന്നു.