ഐസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെ അതിഥിയായി വീട്ടിലേക്ക് സ്വാഗതം ചെയ്ത് തലൈവര്‍ രജനികാന്ത്. അദ്ദേഹത്തോടൊപ്പം സംവിധായകന്‍ മാധവനും നിര്‍മ്മാതാവും ഉണ്ടായിരുന്നു. സൂപ്പര്‍ താരത്തിനൊപ്പമുള്ള വളരെ സന്തോഷകരമായ നിമിഷങ്ങളുടെ ചിത്രങ്ങള്‍ നിര്‍മാതാവ് വിജയ് മൂലന്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നു.
‘റോക്കട്രി’യെ അഭിനന്ദിച്ച് കൊണ്ട് രജനികാന്ത് മുന്‍പ് ട്വീറ്റ് ചെയ്തിരുന്നു. റോക്കറ്ററി തീര്‍ച്ചയായും എല്ലാവരും , പ്രത്യേകിച്ച് യുവാക്കള്‍ കണ്ടിരിക്കേണ്ട സിനിമ ‘ എന്നായിരുന്നു രജനികാന്തിന്റെ തമിഴ് ട്വീറ്റ്. രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണ വികസനത്തിനായി നിരവധി കഷ്ടപ്പാടുകള്‍ സഹിക്കുകയും ത്യാഗങ്ങള്‍ സഹിക്കുകയും ചെയ്ത പത്മഭൂഷണ്‍ നമ്പി നാരായണനെ വളരെ യാഥാര്‍ത്ഥ്യബോധത്തോടെയാണ് മാധവന്‍ അവതരിപ്പിച്ചതെന്ന് രജനികാന്ത് അഭിനന്ദിച്ചു.
ജൂലൈ ഒന്നിന് തീയേറ്ററില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം വിജയം നേടിയിരുന്നു. ജൂലൈ 26 മുതല്‍ ആമസോണ്‍ പ്രൈമിലും റോക്കറ്ററി സ്ട്രീം ചെയ്യുന്നുണ്ട്. വിഖ്യാത ശാസ്ത്രഞ്ജന്‍ നമ്പി നാരായണന്റെ ജീവിത കഥ അടിസ്ഥാനമാക്കി ആര്‍. മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാധവന്‍ തന്നെയാണ് നമ്പി നാരായണനായി എത്തിയത്.
നേരത്തെ ചിത്രം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുഗു, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പാനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലുമായിട്ടാണ് ചിത്രം ഒരുക്കിയത്.