ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ച് രജനികാന്ത്. യോഗിയുടെ ലഖ്‌നൗവിലെ വീട്ടിലാണ് രജനി അതിഥിയായി എത്തിയത്. യോഗിയുടെ കാല്‍ തൊട്ട് വന്ദിക്കുന്ന രജനികാന്തിന്റെ ചിത്രങ്ങളും വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
‘ജയിലര്‍’ റിലീസിന് മുമ്പ് ഹിമാലയത്തിലേക്ക് പോയ രജനികാന്ത് യോഗിക്കൊപ്പം സിനിമ കാണുമെന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ജയിലറിന്റെ ഒരു പ്രത്യേക പ്രദര്‍ശനം ഇന്ന് ലഖ്‌നൗവില്‍ നടന്നിരുന്നു. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ അവിടെ ചിത്രം കാണാന്‍ എത്തിയിരുന്നു.
”ജയിലര്‍ കാണാനുള്ള അവസരം എനിക്ക് ലഭിച്ചു. രജനികാന്തിന്റെ നിരവധി ചിത്രങ്ങള്‍ മുമ്പ് കണ്ടിട്ടുള്ള എനിക്ക് അദ്ദേഹത്തിന്റെ പ്രതിഭ എന്തെന്ന് അറിയാം. ഉള്ളടക്കം നോക്കിയാല്‍ വലുതായൊന്നുമില്ലെങ്കിലും അദ്ദേഹത്തിന്റെ പ്രകടനം ഗംഭീരമാണ്” എന്നാണ് ചിത്രം കണ്ടതിന് ശേഷം കേശവ് പ്രസാദ് മൗര്യ പിടിഐയോട് പ്രതികരിച്ചത്.
ഝാര്‍ഖണ്ഡില്‍ നിന്നാണ് രജനികാന്ത് ഉത്തര്‍പ്രദേശിലേക്ക് എത്തിയത്. ഝാര്‍ഖണ്ഡിലെ ഛിന്നമസ്ത ക്ഷേത്രം അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ സി പി രാധാകൃഷ്ണനുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു. ഞായറാഴ്ച അദ്ദേഹം അയോധ്യ സന്ദര്‍ശിക്കും.
അതേസമയം തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളില്‍ ഒന്നായിരിക്കുകയാണ് ജയിലര്‍. 500 കോടി കളക്ഷനിലേക്ക് കുതിക്കുകയാണ് ചിത്രം ഇപ്പോള്‍. ചിത്രം ആദ്യ വാരത്തില്‍ 375.40 കോടി രൂപയാണ് നേടിയത്. ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രമായാണ് രജനി ചിത്രത്തില്‍ വേഷമിട്ടത്.