അമ്പതാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ സ്‌പെഷ്യല്‍ ഐക്കണ്‍ പുരസ്‌കാരത്തിന് പ്രശസ്ത നടന്‍ രജനികാന്ത് അര്‍ഹനായി. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ ആണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. സിനിമ രംഗത്തെ സമഗ്ര സംഭാവനകള്‍ മുന്‍നിര്‍ത്തിയുള്ളതാണ് പുരസ്‌കാരം. ഈ മാസം 20 മുതല്‍ 28 വരെ നടക്കുന്ന ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരിക്കും പുരസ്‌കാരം സമ്മാനിക്കുക.
വിദേശതാരത്തിനുള്ള ലൈഫ് ടൈം അച്ചീവ് മെന്റ് അവാര്‍ഡ് ഫ്രഞ്ച് നടി ഇസബേല്‍ ഹൂപെയ്ക്ക് നല്‍കും. ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ ഗുജറാത്തി ചിത്രം ഹെല്ലാരുവായിരിക്കും ഉദ്ഘാടനച്ചിത്രം. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ ആശിഷ് പാണ്ഡെയുടെ നൂറെയാണ് ഉദ്ഘാടനച്ചിത്രം.
മേളയുടെ അമ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി അമ്പത് വര്‍ഷം മുമ്പ് വിവിധ ഭാഷകളില്‍ റിലീസ് ചെയ്ത പന്ത്രണ്ട് ചിത്രങ്ങളും ഇക്കുറിയുണ്ടാകും. ദാദാ ഫാല്‍ക്കെ അവാര്‍ഡ് നേടിയ അമിതാഭ് ബച്ചന്റെ എട്ട് ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും. സംവിധായകന്‍ പ്രിയദര്‍ശനാണ് ഫീച്ചര്‍ സിനിമാ വിഭാഗത്തിലെ ജൂറി ചെയര്‍മാന്‍.