രജിഷ വിജയന്റെ ആദ്യ തമിഴ് ചിത്രമായ കര്‍ണന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. പരിയേറും പെരുമാള്‍ എന്ന ചിത്രത്തിനു ശേഷം മാരി ശെല്‍വരാജ് സംവിധാനം ചെയ്യുന്ന കര്‍ണനില്‍ ധനുഷാണ് നായകന്‍. മലയാളത്തില്‍ നിന്ന് ലാലും ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരി ആദ്യം ആരംഭിച്ചിരുന്നു. ധനുഷിന്റെ നാല്‍പ്പത്തിയെന്നാമത്തെ ചിത്രമാണ് കര്‍ണന്‍. കലൈപുളി എസ്.തനുവിന്റെ വി ക്രിയേഷന്‍സാവും ചിത്രം നിര്‍മ്മിക്കുക. നിരൂപക പ്രശംസയും പ്രേക്ഷക പിന്തുണയും സ്വന്തമാക്കി വന്‍ വിജയമായ പരിയേറും പെരുമാള്‍ ഒരുക്കിയ സംവിധായകനാണ് മാരി ശെല്‍വരാജ്. അദ്ദേഹത്തിന്റെ പുതിയ ചിത്രത്തില്‍ ധനുഷ് നായകനാകുന്നെന്ന് പ്രഖ്യാപിച്ചതു മുതല്‍ ആരാധകര്‍ വലിയ കാത്തിരിപ്പിലാണ്.
Read more
യോഗി ബാബുവും നാട്ടി എന്ന നടരാജന്‍ സുബ്രഹ്മണ്യനും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. പരിയേറും പെരുമാളിന് സംഗീതമൊരുക്കിയ സന്തോഷ് നാരായണന്‍ ആണ് കര്‍ണനും സംഗീതം ഒരുക്കുന്നത്.