രക്ഷിത് ഷെട്ടി ചിത്രം '777 ചാര്‍ളി'യുടെ റിലീസ് തിയതി പുറത്ത്

കന്നട സൂപ്പര്‍താരം രക്ഷിത് ഷെട്ടി നായകനാക്കി മലയാളിയായ കിരണ്‍ രാജ് സംവിധാനം ചെയ്യുന്ന ചിത്രം ‘777 ചാര്‍ളി’യുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ജൂണ്‍ 10ന് മലയാളം, കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ അഞ്ചു ഭാഷകളിലായി പുറത്തിറങും.

എപ്പോഴും പരുക്കനും ഏകാകിയുമായ ധര്‍മ്മ എന്ന യുവാവിന്റെ ജീവിതത്തിലേയ്ക്ക് ചാര്‍ളി എന്ന നായ്ക്കുട്ടി കടന്നു വരുന്നതും അത് ധര്‍മ്മയുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളുമാണ് ഇതിവൃത്തം. മനുഷ്യനും വളര്‍ത്തുനായയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രത്തിലൂടെ ചര്‍ച്ച ചെയ്യുന്നത്.

നായകള്‍ക്ക് പ്രവേശനമില്ലാത്ത ഹൗസിംഗ് കോളനിയിലേക്ക് ചാര്‍ളിയെ ധര്‍മ്മ എത്തിക്കുന്നതും അതിനെ തുടര്‍ന്ന് ധര്‍മ്മയ്ക്ക് ചാര്‍ലി ഉണ്ടാക്കുന്ന പൊല്ലാപ്പുകളും നര്‍മ്മത്തിന്റെ മേമ്പൊടിയോടെ കാഴ്ചവെച്ച ‘ടോര്‍ച്ചര്‍’ ഗാനവും നായയുമായി ധര്‍മ്മ ബൈക്കില്‍ നടത്തുന്ന യാത്രകളുമൊക്കെയായുള്ള കൊങ്കണി വീഡിയോ ഗാനം ‘ഒ ഗ’യും യൂട്യൂബില്‍ പുറത്തിറക്കുകയും ധാരാളം പ്രശംസ നേടുകയും ചെയ്തിരുന്നു. രസകരമായ ദൃശ്യങ്ങളും മനോഹരമായ സംഗീതവും കോര്‍ത്തിണക്കിയ ഗാനം, ഏതുപ്രായത്തിലുമുള്ള പ്രേക്ഷകര്‍ക്ക് ആസ്വദിക്കത്തക്കവിധമാണ് ഒരുക്കിയിരിക്കുന്നത്.

‘777 ചാര്‍ളി’യുടെ മലയാളം പതിപ്പ് പൃഥ്വിരാജും, തമിഴ് പതിപ്പ് കാര്‍ത്തിക് സുബ്ബരാജും, തെലുങ്ക് പതിപ്പ് നാനിയുമാണ് അതാത് ഭാഷകളില്‍ വിതരണം ഏറ്റെടുത്തിരിക്കുന്നത്. പരംവഹ് സ്റ്റുഡിയോയുടെ ബാനറില്‍ ജി.എസ്. ഗുപ്തയും രക്ഷിത് ഷെട്ടിയും ചേര്‍ന്നാണ് നിര്‍മ്മാണം വഹിച്ചിരിക്കുന്നത്. സംഗീത ശൃംഗേരിയാണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അതരിപ്പിച്ചിരിക്കുന്നത്. രാജ് ബി ഷെട്ടി, ഡാനിഷ് സൈട്ട്, ബോബി സിംഹ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

മലയാളിയായ നോബിന്‍ പോളാണ് ചിത്രത്തിനു സംഗീതം നല്‍കിയിരിക്കുന്നത്. വിവിധ ഭാഷകളിലെ വരികള്‍ ഒരുക്കിയിരിക്കുന്നത് മനു മഞ്ജിത്, ടിറ്റോ പി തങ്കച്ചന്‍, അഖില്‍ എം ബോസ്, ആദി എന്നിവരാണ്. ഛായാഗ്രഹണം: അരവിന്ദ് എസ് കശ്യപ്, എഡിറ്റിംഗ്: പ്രതീക് ഷെട്ടി, ഡയറക്ഷന്‍ ടീം: ശരത് മല്ലേഷ്, സൗരഭ് എ കെ, നിമിഷ കന്നത്ത്, കാര്‍ത്തിക് വട്ടികുട്ടി, ദാമിനി ധന്‍രാജ്, പ്രസാദ് കാന്തീരവ, നിതിന്‍ രാമചന്ദ്ര, രക്ഷിത് കൗപ്പ് എന്നിവര്‍, മീഡിയാ പാര്‍ട്ണര്‍: മൂവി റിപ്പബ്ലിക്, പി.ആര്‍.ഓ: മഞ്ജു ഗോപിനാഥ്, മാര്‍ക്കറ്റിംഗ്: ഹെയിന്‍സ്