‘ദംഗൽ’ സിനിമയുടെ സംവിധായകൻ നിതീഷ് തിവാരി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘രാമായണ’. 700 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന രാമായണ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ്.
രൺബിർ കപൂർ രാമനായി എത്തുമ്പോൾ സായി പല്ലവിയാണ് ചിത്രത്തിൽ സീതയായി വേഷമിടുന്നത്. സണ്ണി ഡിയോൾ ആണ് ചിത്രത്തിൽ ഹനുമാനായി എത്തുന്നത്. മൂന്ന് ഭാഗങ്ങളാണ് ചിത്രമൊരുങ്ങുന്നത്.
കഴിഞ്ഞ ദിവസം സിനിമയിലെ ലൊക്കേഷൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. രാമനായും സീതയായും വേഷമിട്ട രൺബിന്റെയും, സായി പല്ലവിയുടെയും ചിത്രങ്ങൾ നിമിഷങ്ങൾ കൊണ്ടാണ് വൈറലായത്.
ഇതിന് പിന്നാലെ നിരവധി ട്രോളുകളും ഉയർന്നു വന്നിരുന്നു. മറ്റൊരു ആദിപുരുഷ് മണക്കുന്നു, സീതയായി സായി പല്ലവി നന്നായി ചെയ്യും എന്നാൽ രാമന്റെ കാര്യത്തിൽ സംശയമാണ്, കോസ്റ്റ്യൂം ഫാൻസി ഡ്രസ് പോലെയുണ്ട് എന്നിങ്ങനെ പോകുന്നു നെഗറ്റീവ് കമന്റുകൾ. എന്നാൽ ചിത്രങ്ങൾ മാത്രം കണ്ട് മുൻവിധിയോടെ സിനിമയെ സമീപിക്കരുതെന്നും അഭിപ്രായങ്ങൾ ഉയർന്നു വരുന്നുണ്ട്. കൂടാതെ ബീഫ് കഴിക്കുന്ന രൺബിർ കപൂറിനെ വെച്ച് രാമായണ എന്ന ചിത്രം ചെയ്യുന്നത് അനീതിയാണെന്നും ഒരു വിഭാഗം പ്രചരിപ്പിക്കുന്നുണ്ട്.
യാഷിന്റെ ഉടമസ്ഥതയിലുള്ള മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സ് ചിത്രത്തിന്റെ നിർമ്മാണ പങ്കാളികളാണ്. കൂടാതെ മിത് മല്‍ഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും രാമായണത്തിന്റെ നിർമ്മാണ പങ്കാളികളാണ്.
വിഎഫ്എക്‌സില്‍ ഓസ്‌കര്‍ നേടിയ ഡിഎന്‍ഇജി കമ്പനിയാണ് രാമായണത്തിന്റെ വിഷ്വല്‍ എഫക്ട് ഒരുക്കുന്നത്. രാമനെയും സീതയെയും കേന്ദ്രീകരിച്ചുള്ളതായിരിക്കും ചിത്രത്തിന്റെ ആദ്യ ഭാഗം. ശ്രീലങ്കയിലാണ് ചിത്രത്തിന്റെ രണ്ടാം ഭാഗമായ രാവണന്റെ വരവ് ചിത്രീകരിക്കുന്നത്. രണ്ടാം ഭാഗത്തില്‍ രാവണനാണ് പ്രാധാന്യം നല്‍കുന്നത്.
പ്രഭാസിനെ നായകനാക്കി വൻ പ്രീ റിലീസ് ഹൈപ്പോടെ എത്തി തിയേറ്ററുകളിൽ ദയനീയ പരാജയം ഏറ്റുവാങ്ങിയ സിനിമയാണ് രമായണത്തെ അടിസ്ഥാനമാക്കി ഓം പ്രകാശ് സംവിധാനം ചെയ്ത ‘ആദിപുരുഷ്’. ദയനീയമായ വിഎഫ്എക്സുകളും തിരക്കഥയും അഭിനേതാക്കളുടെ മോശം പ്രകടനവും 500 കോടി ബഡ്ജറ്റിൽ ഒരുക്കിയ ചിത്രത്തിന് വലിയ തിരിച്ചടിയായി.