ഈ സിനിമ വേണ്ട എന്നായിരുന്നു ആന്റണി പെരുമ്പാവൂര്‍ അന്ന് പറഞ്ഞത്..; 'മുള്ളന്‍കൊല്ലി വേലായുധന്' പിന്നിലെ കഥ, വെളിപ്പെടുത്തി തിരക്കഥാകൃത്ത്

ഉള്ളില്‍ അനാഥത്വവും ദുഃഖവും പേറി നടന്ന മുള്ളന്‍കൊല്ലി വേലായുധന്റെ കഥ പറഞ്ഞു കൊണ്ടെത്തിയ ചിത്രമാണ് ‘നരന്‍’. മോഹന്‍ലാലിന്റെ മാസ് ആക്ഷന്‍ കഥാപാത്രങ്ങളില്‍ ഒന്നാണ് മുള്ളന്‍കൊല്ലി വേലായുധന്‍. ഈ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഇന്നും ആസ്വാദകരുണ്ട്. 2005ല്‍ ആശിര്‍വാദ് സിനിമാസിന്റെ ബാനറിലാണ് ചിത്രം പുറത്തിറങ്ങിയത്.

എന്നാല്‍ റിലീസിന് മുമ്പ് വരെ ജോഷി സംവിധാനം ചെയ്ത ഈ ചിത്രം തനിക്ക് വേണ്ട എന്നായിരുന്നു ആന്റണി പെരുമ്പാവൂര്‍ പറഞ്ഞിരുന്നത്. സിനിമയുടെ തിരക്കഥാകൃത്ത് ആയ സംവിധായകന്‍ കൂടിയായ രഞ്ജന്‍ പ്രമോദ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പരാജയം ആകാന്‍ പോകുന്ന സിനിമയായിരുന്നു നരന്‍ എന്ന് പറഞ്ഞു കൊണ്ടാണ് രഞ്ജന്‍ പ്രമോദ് സംസാരിച്ചത്.

നരന്‍ എന്ന സിനിമയുടെ പ്രൊഡക്ഷന്‍ നടക്കുന്ന സമയത്തും റിലീസ് ചെയ്യുന്നതിന്റെ തലേദിവസം വരെയും അതൊരു ഹിറ്റ് സിനിമയല്ല. അത് ഒരു വന്‍ പരാജയം ആകാന്‍ പോകുന്ന ഒരു സിനിമയായിരുന്നു. കാരണം അത് ആര്‍ക്കും അങ്ങനെ വര്‍ക്ക് ആയില്ല. ജോഷി സാര്‍ ആദ്യം എഡിറ്റ് ചെയ്ത് കാണിച്ച സമയത്ത് ആന്റണി പെരുമ്പാവൂര്‍ ഭയങ്കരമായി ചൂടാവുകയാണ് ചെയ്തത്.

എനിക്ക് ഈ സിനിമ വേണ്ട എന്നാണ് പുള്ളി പറഞ്ഞിരുന്നത്. പക്ഷേ ഫുള്‍ എഡിറ്റഡ് പതിപ്പല്ല പുള്ളി കണ്ടത്, കുറച്ച് ലാഗ് ഉള്ള കട്ട് ആയിരുന്നു. ഡബ്ബിംഗ് കഴിഞ്ഞ് ഉടനെയുള്ള കട്ട് ആണ്. അല്ലാതെ ഫൈനല്‍ ട്രിംഡ് വെര്‍ഷന്‍ ആയിരുന്നില്ല. എന്നാല്‍ പോലും അതില്‍ ഒരു പ്രതീക്ഷയുണ്ടായിരുന്നില്ല പുള്ളിക്ക്.

പുള്ളി ആകെ തകര്‍ന്നുപോയി ഇത് കണ്ട സമയത്ത്. കാരണം അതുവരെയുള്ള ഒരു കണ്‍വെന്‍ഷണല്‍ മാസ് ഫിലിമിന് അകത്തുള്ള ഒന്നും അതിനകത്തില്ല എന്നാണ് രഞ്ജന്‍ പ്രമോദ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.