തൃക്കാക്കരയില്‍ നായകളെ കൂട്ടമായി കൊന്നൊടുക്കിയ സംഭവത്തില്‍ പ്രതിഷേധവുമായി നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്. തൃക്കാക്കര നഗരസഭയ്ക്ക് മുന്നില്‍ കുത്തിയിരുന്നാണ് രഞ്ജിനിയും മൃഗസ്‌നേഹികളും പ്രതിഷേധിച്ചത്. കഴിഞ്ഞ ദിവസം 30 നായ്ക്കളുടെ ജഡം തൃക്കാക്കര നഗരസഭാ യാര്‍ഡില്‍ കണ്ടെത്തിയിരുന്നു.
കഴിഞ്ഞ വെളളിയാഴ്ചയാണ് തെരുവു നായകളെ കൂട്ടത്തോടെ പിടികൂടി കൊല്ലുന്ന സിസിടിവി ദൃശ്യം പുറത്തു വന്നത്. നഗരസഭയുടെ നിര്‍ദേശ പ്രകാരമാണ് നായകളെ പിടികൂടി വിഷം കുത്തിവെച്ചതെന്ന് കേസില്‍ ആദ്യം അറസ്റ്റിലായ പ്രതി പൊലീസിന് മൊഴി നല്‍കിയിരുന്നു.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ അറിവോടെയാണ് കൃത്യം നടത്തിയതെന്നും മൊഴിയുണ്ട്. ഈ സാഹചര്യത്തിലാണ് രഞ്ജിനിയുടെ നേതൃത്വത്തിലുള്ള മൃഗസ്നേഹികള്‍ പ്രതിഷേധം നടത്തിയത്. കുറ്റവാളികള്‍ക്കെതിരെ ഉചിതമായ നടപടി എടുക്കണമെന്നാണ് ഇവരുടെ ആവശ്യം.
കോഴിക്കോട് സ്വദേശികളായ പ്രതീഷ്, രഞ്ജിത് കുമാര്‍, രഘു എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. നഗരസഭയുടെ കമ്യൂണിറ്റി ഹാളില്‍ പ്രതികള്‍ താമസിച്ചിരുന്ന സിസിടിവി ദൃശ്യങ്ങള്‍ കൂടി പുറത്തായതോടെ നഗരസഭ കുരുക്കിലായിരിക്കുകയാണ്. നായകളെ കൊല്ലാന്‍ ഉപയോഗിച്ച വിഷവും പിടിക്കാന്‍ ഉപയോഗിച്ച കുരുക്കും ഇതേ കമ്മ്യൂണിറ്റി ഹാളില്‍ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു.