വിവാദങ്ങള്‍ക്കിടെ രഞ്ജിത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘പലേരി മാണിക്യം: ഒരു പാതിരകൊലപാതകത്തിന്റെ കഥ’ റീ റിലീസ് ചെയ്യുന്നു. 2009ല്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ സിനിമ 4കെ, ഡോള്‍ബി അറ്റ്‌മോസ് ദൃശ്യ, ശബ്ദ മിഴിവോടെയാണ് വീണ്ടും എത്തുക. ചിത്രത്തിന്റെ ട്രെയ്ലര്‍ ഇന്ന് വൈകിട്ട് 7 മണിക്ക് പുറത്തുവിടും.
മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്‌കാരവും ശ്വേത മേനോന് മികച്ച നടിക്കുള്ള പുരസ്‌കാരവും അടക്കം അത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ നാല് അവാര്‍ഡുകള്‍ നേടിയ ചിത്രമാണ് പലേരി മാണിക്യം. ടി.പി രാജീവന്റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി രഞ്ജിത്ത് ഒരുക്കിയ ചിത്രം 2009 ഡിസംബര്‍ 4ന് ആയിരുന്നു ആദ്യം റിലീസ് ചെയ്തത്.
മൈഥിലി, ശ്രീനിവാസന്‍, സിദ്ദിഖ്, സുരേഷ് കൃഷ്ണ, മുഹമ്മദ് മുസ്തഫ, ശശി കലിംഗ, ടി ദാമോദരന്‍, വിജയന്‍ വി നായര്‍, ഗൗരി മുഞ്ജല്‍ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റ് താരങ്ങള്‍. നിര്‍മ്മാണം മഹാ സുബൈര്‍, എ.വി അനൂപ്, ഛായാഗ്രഹണം മനോജ് പിള്ള, സംഗീതം ശരത്, ബിജിബാല്‍.
അതേസമയം, രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമ ആരോപണം ഉയരുന്നതിനിടെയാണ് പാലേരി മാണിക്യത്തിന്റെ റീ റിലീസ് എത്തുന്നത്. ബംഗാളി നടി ശ്രീലേഖ മിത്രയാണ് രഞ്ജിത്തിനെതിരെ ആരോപണം ഉന്നയിച്ചത്. ചിത്രത്തിലെ റോളിനായി തന്നെ ക്ഷണിച്ചിരുന്നെന്നും കൊച്ചിയിലെ ഒരു ഹോട്ടലില്‍ വച്ച് രഞ്ജിത്ത് മോശമായി പെരുമാറി എന്നുമാണ് നടിയുടെ ആരോപണം.
ആരോപണം പുറത്തെത്തിയതോടെ രഞ്ജിത്തിനെതിരെ കടുത്ത രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും രഞ്ജിത്ത് രാജി വയ്ക്കണമെന്ന ആവശ്യവും ഉയരുകയാണ്. എന്നാല്‍ താന്‍ മോശമായി പെരുമാറിയിട്ടില്ല എന്നാണ് രഞ്ജിത്തിന്റെ പ്രതികരണം.