കണ്ട് മടുത്ത സ്ഥിരം ഫാമിലി ഡ്രാമ ആയാണ് ‘വാരിസ്’ എത്തിയതെങ്കിലും ഗംഭീര വരവേല്‍പ്പ് തന്നെയാണ് സിനിമയ്ക്ക് തെന്നിന്ത്യയില്‍ നിന്നും ലഭിച്ചത്. ജനുവരി 11ന് തിയേറ്ററുകളില്‍ എത്തിയ സിനിമ ആരാധകര്‍ ഏറ്റെടുത്തിരുന്നു. റിലീസ് ചെയ്ത് നാല് ദിവസം പിന്നിടുമ്പോള്‍ നൂറ് കോടി കളക്ഷന്‍ എന്ന നേട്ടത്തിലേക്ക് എത്തിയിരിക്കുകയാണ് വാരിസ്. തമിഴ്‌നാട്ടില്‍ നിന്ന് ആദ്യ ദിനം മാത്രം 20 കോടിയോളം കളക്ഷന്‍ നേടിയ വാരിസ്, നാല് ദിവസം പിന്നിടുമ്പോള്‍ അവിടെ നിന്ന് മാത്രം 50 കോടി കളക്ഷന്‍ എന്ന മാര്‍ക്കിലേക്കാണ് കുതിക്കുന്നത്. വിദേശത്തും മികച്ച കളക്ഷന്‍ ആണ് സിനിമ നേടുന്നത്.
എന്നാല്‍ സിനിമ കര്‍ണാടകയില്‍ മാത്രം വേണ്ട വിജയം വാരിസ് നേടിയിട്ടില്ല. വാരിസിന്റെ 291 ഷോകള്‍ കര്‍ണാടകയില്‍ വെട്ടിക്കുറച്ചതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കര്‍ണാടക ബോക്‌സോഫീസില്‍ കാര്യമായ ചലനം ഉണ്ടാകാത്തതിന്റെ കാരണം സിനിമയിലെ നായിക രശ്മിക മന്ദാന ആയതുകൊണ്ടാണ് എന്ന വാര്‍ത്തകളാണ് പ്രചരിക്കുന്നത്. നേരത്തെ രശ്മികയ്ക്ക് കന്നഡയില്‍ വിലക്ക് ഏര്‍പ്പെടുത്തിയതായുള്ള വാര്‍ത്തകള്‍ എത്തിയിരുന്നു. എന്നാല്‍ ഇതിനെതിരെ പ്രതികരിച്ച് നടി രംഗത്തെത്തുകയും ചെയ്തിരുന്നു.
ഒരു അഭിമുഖത്തിനിടെ രശ്മിക തന്റെ ആദ്യ സിനിമയായ ‘കിരിക് പാര്‍ട്ടി’യുടെ വിജയത്തെ കുറിച്ച് സംസാരിക്കുന്നതിനിടെ, ഋഷഭ് ഷെട്ടിയുടെ പ്രൊഡക്ഷന്‍ ഹൗസായ പരംവ സ്റ്റുഡിയോയുടെ പേര് പറയാതിരുന്നത് വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. കൂടാതെ കൈ കൊണ്ട് ഒരു പ്രത്യേക ആക്ഷന്‍ കാണിച്ചു കൊണ്ടായിരുന്നു നടി സംസാരിച്ചത്. ഇതിനെതിരെ ഋഷഭ് ഷെട്ടി പ്രതികരിക്കുകയും ചെയ്തിരുന്നു. രശ്മിക കാണിച്ച ആക്ഷന്‍ കാണിച്ചു കൊണ്ട്, ഇത്തരത്തിലുള്ള നടിമാരെ തനിക്ക് ഇഷ്ടമല്ലെന്നും ഒപ്പം അഭിനയിക്കില്ലെന്നും ഋഷഭ് പറഞ്ഞിരുന്നു.
ഇതാണ് രശ്മികയുടെ സിനിമ കര്‍ണാടകയില്‍ വിജയിക്കാത്തതിന്റെ കാരണമായി സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നത്. 2016ല്‍ രക്ഷിത് ഷെട്ടിയ്ക്കൊപ്പം കിരിക് പാര്‍ട്ടി എന്ന സിനിമയിലൂടെയാണ് രശ്മിക അഭിനയരംഗത്തേക്ക് എത്തുന്നത്. പരംവ സ്റ്റുഡിയോയുടെ സഹസ്ഥാപകനാണ് രക്ഷിത്. നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയാണ് സിനിമ സംവിധാനം ചെയ്തത്.
ആദ്യ സിനിമയിലെ നായകനായ രക്ഷിത്തുമായി പ്രണയത്തിലായിരുന്നു രശ്മിക. വിവാഹ നിശ്ചയം വരെ എത്തിയ പ്രണയത്തില്‍ നിന്ന് നടി പിന്‍മാറിയതും കന്നഡ സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. തന്റെ കരിയറിനെ കുറിച്ച് രശ്മിക സംസാരിച്ചപ്പോള്‍ രക്ഷിത് ഷെട്ടിയുടെ പേര് പറയാത്തതിന് എതിരെയും ഋഷഭ് ഷെട്ടി രംഗത്ത് വന്നിട്ടുണ്ട്. ”നിരവധി ആര്‍ട്ടിസ്റ്റുകളെ ഞങ്ങള്‍ ലോഞ്ച് ചെയ്തിട്ടുണ്ട്. നിരവധി സംവിധായകരും നിര്‍മ്മാതാക്കളും ഞങ്ങള്‍ക്ക് അവസരങ്ങള്‍ നല്‍കിയിട്ടുമുണ്ട്. അത് ഇനി പറഞ്ഞിട്ടും കാര്യമില്ലല്ലോ, ആരും അത് ഓര്‍ക്കാറില്ല” എന്നാണ് ഋഷഭ് ഷെട്ടി പറഞ്ഞത്.
രശ്മിക-ഋഷഭ് പോര് നിലനില്‍ക്കുന്നതിനാലാണ് കര്‍ണാടകയില്‍ വാരിസിന് ഷോകള്‍ വെട്ടിക്കുറച്ചത്. കന്നഡ സിനിമ ലോകത്ത് തനിക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് രശ്മിക തന്നെ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അപ്രഖ്യാപിത വിലക്കുണ്ടെന്ന അഭ്യൂഹങ്ങള്‍ ഇപ്പോഴും പ്രചരിക്കുന്നുമുണ്ട്. വാരിസിനും സംഭവിച്ചത് ഇതു തന്നെയാണ്. എന്നാല്‍ ഈ സംഭവത്തെ കുറിച്ച് കര്‍ണാടകയിലെ തിയേറ്റര്‍ ഉടമകളോ വിതരണക്കാരോ പ്രതികരിച്ചിട്ടില്ല. കര്‍ണാടകയില്‍ രശ്മികയുടെ സിനിമ വിലക്കിയതാണോ എന്ന ചോദ്യത്തോട് ഒഫീഷ്യലായി താരമോ തിയേറ്റര്‍ ഉടമകളോ പ്രതികരിക്കാന്‍ തന്നെയാണ് സാദ്ധ്യത.