വിവാദമായി നടി രശ്മിക മന്ദാനയുടെ പരാമര്‍ശം. തെന്നിന്ത്യന്‍ സിനിമകളില്‍ മാസ് മസാലയും ഡാന്‍സ് നമ്പറുകളും ഐറ്റം നമ്പറുകളും മാത്രമാണുള്ളത് എന്നാണ് രശ്മിക പറഞ്ഞത്. ബോളിവുഡിലേയും ദക്ഷിണേന്ത്യന്‍ സിനിമകളിലേയും ഗാനങ്ങളെ കുറിച്ച് പറയുന്നതിന് ഇടയ്ക്കാണ് വിവാദ പരമാര്‍ശം കടന്നുവന്നത്.
ഈ പരാമര്‍ശമാണ് വന്‍ പ്രതിഷേധത്തിന് വഴി ഒരുക്കിയിരിക്കുന്നത്. ‘മിഷന്‍ മജ്‌നു’ എന്ന സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടെയാണ് രശ്മിക ഈ പരാമര്‍ശം നടത്തിയത്. തന്നെ സംബന്ധിച്ചിടത്തോളം റൊമാന്റിക് ഗാനങ്ങള്‍ എന്നാല്‍ ബോളിവുഡ് ഗാനങ്ങളാണ്.
തെന്നിന്ത്യന്‍ സിനിമയില്‍ ആണെങ്കില്‍ മാസ് മസാലയും ഡാന്‍സ് നമ്പറുകളും ഐറ്റം നമ്പറുകളുമാണുള്ളത്. ഇത് തന്റെ ആദ്യത്തെ ബോളിവുഡ് റൊമാന്റിക് ഗാനമാണ്. അതെന്നെ വളരെയധികം ആവേശംകൊള്ളിക്കുന്നു. ഇതായിരുന്നു അവരുടെ വാക്കുകള്‍.
എന്നാല്‍ രശ്മികയുടെ വാക്കുകള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. തെന്നിന്ത്യന്‍ സിനിമകള്‍ മസാലയും ഐറ്റം നമ്പറും മാത്രമല്ല എന്നാണ് നടിക്ക് മറുപടി നല്‍കിയത്. വന്ന വഴി മറക്കരുതെന്ന് താരത്തിനെ ഓര്‍മിപ്പിക്കുകയാണ് ചിലര്‍.
നെറ്റ്ഫ്‌ളിക്‌സ് വഴി 2023 ജനുവരി 20ന് ആണ് മിഷന്‍ മജ്‌നു റിലീസ് ചെയ്യുന്നത്. വിജയ് നായകനാവുന്ന ‘വാരിസ്’, രണ്‍ബീര്‍ കപൂറിനൊപ്പമുള്ള ‘അനിമല്‍’, അല്ലു അര്‍ജുന്‍ നായകനാവുന്ന ‘പുഷ്പ: ദ റൂള്‍’ എന്നിവയാണ് രശ്മികയുടെതായി ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍.