യൂറോപ്പില്‍ ഒരു മലയാള സിനിമ നേടുന്ന റെക്കോര്‍ഡ് റിലീസായി മോഹന്‍ലാല്‍ നായകനായ മോണ്‍സ്റ്റര്‍. യു കെ, അയര്‍ലണ്ട് എന്നിവിടങ്ങളിലായി 121 ലൊക്കേഷനുകളിലാണ് ഈ ചിത്രം നാളെ റിലീസ് ചെയ്യുന്നത്. മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹമായിരുന്നു നേരത്തെ ഏറ്റവും വലിയ യൂറോപ് റിലീസ് നേടിയ മലയാള ചിത്രം.
അമേരിക്കയിലും വമ്പന്‍ റിലീസാണ് മോണ്‍സ്റ്റര്‍ നേടിയിരിക്കുന്നത്. യു എസ് എ യില്‍ 97 ലൊക്കേഷനുകളില്‍ റിലീസ് ചെയ്യുന്ന ഈ ചിത്രം ഏറ്റവും കൂടുതല്‍ അമേരിക്കന്‍ ലൊക്കേഷനുകളില്‍ റിലീസ് ചെയ്യുന്ന മലയാള ചിത്രങ്ങളുടെ പട്ടികയില്‍ അഞ്ചാമതാണ്.
കാനഡ റിലീസിലും ഓള്‍ ടൈം റെക്കോഡാണ് മോണ്‍സ്റ്റര്‍ നേടിയത്. കാനഡയില്‍ മാത്രം 35 ലൊക്കേഷനിലാണ് മോണ്‍സ്റ്റര്‍ റിലീസ് ചെയ്യാന്‍ പോകുന്നത്. നോര്‍ത്ത് അമേരിക്കയില്‍ ആകെ മൊത്തം 130 ഇല്‍ കൂടുതല്‍ ലൊക്കേഷനുകളില്‍ റിലീസ് ചെയ്യുന്ന ഈ ചിത്രം വമ്പന്‍ ഓപ്പണിങ് ആണ് ലക്ഷ്യമിടുന്നത്.
ഗള്‍ഫില്‍ നിരോധനം വന്നത് കൊണ്ട് റീസെന്‍സറിങ്ങിനു സമര്‍പ്പിച്ച ഈ ചിത്രം അവിടെ അടുത്തയാഴ്ചയാവും റിലീസ് ചെയ്യുക എന്നാണ് സൂചന. ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളിലും അടുത്തയാഴ്ചയാണ് ഈ ചിത്രം വൈഡ് റിലീസ് ചെയ്യുക. പുലിമുരുകന്‍ എന്ന ഇന്‍ഡസ്ട്രി ഹിറ്റിനു ശേഷം മോഹന്‍ലാല്‍- വൈശാഖ്- ഉദയ കൃഷ്ണ ടീം ഒന്നിച്ച ഈ ത്രില്ലര്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്.