'ജിയോ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ'; റിലീസ് ചിത്രങ്ങള്‍ തിയേറ്ററില്‍ പോകാതെ വീട്ടിലിരുന്ന് കാണാം

രാജ്യത്തെ ടെലികോം രംഗത്തെ മുമ്പന്മാരായ റിലയന്‍സ് ജിയോയുടെ “ജിയോ ഫൈബര്‍” അതിവേഗ ബ്രോഡ്ബാന്‍ഡ് സര്‍വീസിനെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്. റിലയന്‍സ് ജിയോയുടെ വാര്‍ഷിക പൊതുയോഗത്തിലാണ് ജിയോ ഫൈബര്‍ സേവനം ആരംഭിക്കുന്ന വിവരം റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ജിയോ ഫൈബര്‍ സേവനങ്ങള്‍ക്ക് പ്രതിമാസം 700 രൂപമുതല്‍ 10,000 രൂപ വരെയാവും ചെലവ്.

ജിയോ ഫൈബര്‍ സേവനം മുകേഷ് അംബാനി പ്രഖ്യാപിച്ചതു മുതല്‍ ചൂടുള്ള ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ് “ജിയോ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ”. റിലീസ് ചിത്രങ്ങള്‍ തിയേറ്ററില്‍ പോകാതെ വീട്ടിലിരുന്ന് കാണാമെന്നതാണ് ഈ സേവനത്തെ ശ്രദ്ധേയമാക്കുന്നത്. സിനിമ ഇറങ്ങുന്ന ദിവസം തന്നെ ജിയോ ഫൈബര്‍ ബ്രോഡ്ബാന്‍ഡ് പാക്കേജില്‍ അംഗമായുള്ളവര്‍ക്ക് വീട്ടില്‍ തന്നെ ഷോ കാണാം എന്നതാണ് പ്രത്യേകത. ഈ സേവനം 2020- ഓടെ ആരംഭിക്കുമെന്നാണ് വിവരം.

എന്നാല്‍ ഈ സേവനത്തിന്റെ ഒരു പൂര്‍ണ ചിത്രം ലഭ്യമല്ല. ഈ സേവനത്തിനുള്ളില്‍ ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങള്‍ മാത്രമാണോ അതോ പ്രാദേശിക സിനിമയും ഉള്‍പ്പെടുമോ എന്നത് കാത്തിരുന്ന് തന്നെ കാണേണ്ടി വരും. എന്നിരുന്നാല്‍ തന്നെയും “ജിയോ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ” സേവനത്തിന്റെ പ്രഖ്യാപനം രാജ്യത്തെ മറ്റ് ബ്രോഡ്ബാന്‍ഡ് ഡിറ്റിഎച്ച് ഓപ്പറേറ്റുകളെ വിറപ്പിക്കുന്നതാണ്. സിനിമാ തിയേറ്റര്‍ എന്ന സംരംഭത്തിന് തന്നെ അടിത്തറ മാന്തുന്ന നീക്കമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.