ദക്ഷിണേന്ത്യന്‍ സിനിമയിലും പിടിമുറുക്കാന്‍ റിലയന്‍സ്

ദക്ഷിണേന്ത്യന്‍ സിനിമയിലേക്കും പിടിമുറുക്കാന്‍ റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ്‌സ്. വൈ നോട്ട് സ്റ്റുഡിയോസ്, എപി ഇന്റര്‍നാഷ്ണല്‍ എന്നീ നിര്‍മ്മാണ കമ്പനികളുമായി ചേര്‍ന്നാണ് അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് എന്റര്‍ടെയ്ന്‍മന്റ്‌സ് എത്തുന്നത്. ഈ മൂന്നു കമ്പനികളുടെ സഹകരണത്തിലുള്ള ആദ്യ പ്രോജക്ടിന്റെ ഔദ്യോഗിക പ്രഖ്യാപനവും നടത്തി.

എസ്. ശശികാന്തിന്റെ ഉടമസ്ഥതയിലുള്ള വൈ നോട്ട് സ്റ്റുഡിയോസ് തമിഴിലും തെലുങ്കിലും മലയാളത്തിലും ഹിന്ദിയിലുമായി 12 സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. വിക്രം വേദ ഉള്‍പ്പെടെയുള്ള ബ്ലോക്ക് ബസ്റ്ററുകള്‍ ഇവരുടേത് ആയിരുന്നു.

എപി ഇന്റര്‍നാഷ്ണല്‍ കൂടുതലായും വിതരണരംഗത്താണ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ലിംഗ, കബാലി, തെറി, മേര്‍സല്‍, ബാഹുബലി തുടങ്ങി 700 ഓളം സിനിമകള്‍ വിതരണത്തിന് എത്തിച്ച കമ്പനിയാണിത്.

റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ്‌സ് ബോളിവുഡില്‍ പരീക്ഷിച്ച ജോയിന്റ് വെഞ്ച്വറുകള്‍ വിജയമാണെന്ന് കണ്ടതിനെ തുടര്‍ന്നാണ് പ്രാദേശിക ഭാഷകളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കുന്നത്.