ശ്രീലങ്കയിലെ തമിഴ് കുടുംബത്തിൽ ജനിച്ച ബാലനാഥൻ ബെഞ്ചമിൻ മഹേന്ദ്രൻ എന്ന കുട്ടി പിന്നീട് ഇന്ത്യൻ സിനിമയിലെ തന്നെ പ്രധാന വ്യക്തികളിൽ ഒരാളായി മാറിയ ചരിത്രമുണ്ട്. ഇന്ത്യൻ സിനിമ പ്രേമികൾ അദ്ദേഹത്തെ ബാലു മഹേന്ദ്ര എന്ന് വിളിച്ചുപോന്നു. 36 വർഷത്തെ സിനിമ ജീവിതത്തിനിടയിൽ ഇരുപതോളം സിനിമകൾ സംവിധാനം ചെയ്ത ബാലു മഹേന്ദ്ര വിടവാങ്ങിയിട്ട് ഇന്നേക്ക് പത്ത് വർഷം.
ലണ്ടൻ യൂനിവേഴ്സിറ്റിയിൽ നിന്ന് ശാസ്ത്രത്തിൽ നിന്ന് ബിരുദവും പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സിനിമാറ്റോഗ്രഫിയും പഠിച്ചിറങ്ങിയ ബാലു മഹേന്ദ്ര 1971- ൽ പുറത്തിറങ്ങിയ നെല്ല് എന്ന ചിത്രത്തിലൂടെയാണ് ഛായാഗ്രാഹകനായി സിനിമ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. ആദ്യ സിനിമയ്ക്ക് തന്നെ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും ബാലു മഹേന്ദ്ര സ്വന്തമാക്കി.
ഇരുപതോളം ചിത്രങ്ങളിൽ ഛായാഗ്രാഹകനായി പ്രവർത്തിച്ചതിന് ശേഷം 1977-ൽ പുറത്തിറങ്ങിയ കോകില എന്ന ചിത്രത്തിലൂടെയാണ് ബാലു മഹേന്ദ്ര സ്വതന്ത്ര സംവിധായകനാവുന്നത്. 1982-ൽ പുറത്തിറങ്ങിയ ഓളങ്ങൾ, 1985-ൽ പുറത്തിറങ്ങിയ യാത്ര എന്നീ ചിത്രങ്ങൾ മലയാളത്തിലെ ബാലു മഹേന്ദ്രയുടെ ശ്രദ്ധേയമായ ചിത്രങ്ങളാണ്.
തമിഴ് സിനിമയിലെ നവഭാവുകത്വ മുന്നേറ്റത്തിന് തുടക്കം കുറിച്ച പ്രധാന സംവിധായകരിൽ ഒരാൾ കൂടിയായിരുന്നു ബാലു മഹേന്ദ്ര. വീട്, മൂൻട്രാം പിറൈ, സതി ലീലാവതി, മറുപടിയും, റട്ടൈ വാൽ കുരുവി, മുള്ളും മലരും, യാത്ര തുടങ്ങീ സിനിമകളെല്ലാം ഏറെ പ്രേക്ഷക- നിരൂപക പ്രശംസകൾ പിടിച്ചുപറ്റിയ ചിത്രങ്ങളാണ്. 2013-ൽ പുറത്തിറങ്ങിയ തലൈമുറൈകൾ എന്ന ചിത്രമായിരുന്നു ബാലു മഹേന്ദ്രയുടെ അവസാന ചിത്രം.
ദൃശ്യങ്ങൾ കൊണ്ടുള്ള ബാലു മഹേന്ദ്രയുടെ ആഖ്യാനങ്ങൾ പിന്നീട് നിരവധി പേർക്ക് പ്രചോദനമായിട്ടുണ്ട്. സംവിധായകൻ വെട്രിമാരൻ സിനിമയിലേക്ക് വരുന്നത് ബാലു മഹേന്ദ്രയുടെ അസിസ്റ്റ് ചെയ്തുകൊണ്ടായിരുന്നു.
5ദേശീയ പുരസ്കാരങ്ങളും 2 കേരള സംസ്ഥാന പുരസ്കാരങ്ങളും കരസ്ഥമാക്കിയ ബാലു മഹേന്ദ്ര ഹൃദയാഘാതത്തിനെത്തുടർന്ന് 2014 ഫെബ്രുവരി 13 നാണ് അന്തരിച്ചത്. ബാലു മഹേന്ദ്രയുടെ നഷ്ടം ഇന്ത്യൻ സിനിമയുടെ കൂടി നികത്താനാവാത്ത നഷ്ടമാണ്.