സിനിമകളിലൂടെ രാഷ്ട്രീയം പറയരുതെന്നും, രാഷ്ട്രീയമെന്നാൽ കക്ഷി രാഷ്ട്രീയത്തിനപ്പുറത്തേക്ക് പലതുമുണ്ടെന്നും തിരിച്ചറിയാത്ത എഴുത്തുകാരും സംവിധായകരും നിലനിൽക്കുകയും അതെല്ലാം വലിയ രീതിയിൽ ആഘോഷിക്കപ്പെടുകയും ചെയ്യുന്ന സമകാലിക മലയാള സിനിമയെ സംബന്ധിച്ച് ഒരുപക്ഷേ ജോൺ എബ്രഹാം എന്നത് കള്ളുകുടിയനായ ഒരു അരാജകവാദി മാത്രമായിരിക്കാം.
എന്നാൽ ജോൺ എന്ന അടിമുടി പൊളിറ്റിക്കലായ ഫിലിംമേക്കറെ ചിലപ്പോഴൊക്കെ ഭൂരിപക്ഷ മലയാളികൾ തിരിച്ചറിയാതെ പോവുന്നു. ജോൺ എബ്രഹാം എന്നത് ഒരപൂർണതയാണ്. കൃത്യമായ ഘടനകളോ വാർപ്പുമാതൃകകളോ ഇല്ലാതെ ജോൺ എബ്രഹാം ഈ ലോകത്ത് കുറച്ചുകാലം ജീവിച്ചു. എന്നാൽ ഇന്നും ഭൂരിപക്ഷം ആഘോഷിക്കുന്നത് ജോണിന്റെ അരാജകത്വ ജീവിതം മാത്രമാണെന്നൊരു തോന്നൽ ശക്തമായി തോന്നിതുടങ്ങിയ ഒരു സമയത്തായിരുന്നു ‘അമ്മ അറിയാൻ’ എന്ന ചിത്രം വീണ്ടും കാണുന്നത്.
ജോൺ എന്നും കലാപകാരിയായിരുന്നു. ഭരണകൂടത്തിനോട് തൊഴിലാളിവർഗ്ഗത്തിന്റെ രാഷ്ട്രീയം ഉറക്കെ വിളിച്ചുപറഞ്ഞ് സിനിമയെ ജനകീയവത്കരിച്ച അവധൂതൻ. സിനിമയെ ജനകീയവത്കരിക്കുന്നതിന് വേണ്ടി ജോൺ എബ്രഹാമും
ഒഡേസ സത്യനും തുടങ്ങിവെച്ച ഒഡേസ കളക്ടീവിന്റെ ആദ്യ ചിത്രം. തെരുവുനാടകം ചെയ്തും ബഹുജനങ്ങളിൽ നിന്ന് പിരിവെടുത്തും സ്വരുക്കൂട്ടിയ പണം കൊണ്ട് നിർമ്മിക്കപ്പെട്ട മലയാളത്തിലെ ആദ്യ ജനകീയ സിനിമ. ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ മികച്ച പത്ത് ഇന്ത്യൻ സിനിമകളിൽ ഇടം പിടിച്ച ഒരേയൊരു തെന്നിന്ത്യൻ സിനിമ.
‘അമ്മ അറിയാൻ’ ഇന്ത്യൻ സിനിമയുടെ തന്നെ ചരിത്രവഴികളിലെ ഒരു പ്രധാന ഏടാണ്. ഡൽഹിയിലേക്ക് ഗവേഷണാവശ്യത്തിനായി തന്റെ കാമുകിയുമൊത്ത് പുറപ്പെടുനൊരുങ്ങുന്ന പുരുഷൻ എന്ന ജോയ് മാത്യുവിന്റെ കഥാപാത്രം യാത്രയ്ക്കിടെ വഴിയിൽവെച്ച് തൂങ്ങിമരിച്ച ഒരു യുവാവിന്റെ മൃതദേഹം കാണുകയും അത് തനിക്ക് അറിയാവുന്ന ഒരാളെന്ന തോന്നലുണ്ടാവുകയും ചെയ്യുന്നതോടുകൂടി ഡൽഹിക്കുള്ള യാത്ര മാറ്റിവെച്ച് യുവാവിന്റെ മൃതദേഹം നാട്ടിലെത്തിക്കാനും മരണ വിവരം യുവാവിന്റെ അമ്മയെ അറിയിക്കാനും വേണ്ടി ഇറങ്ങിത്തിരിക്കുന്നു.
മലയാളത്തിലെ ഏറ്റവും മികച്ച റോഡ് മൂവികളിലൊന്ന് കൂടിയാണ് അമ്മ അറിയാൻ. എൺപതുകളിലെ കേരളത്തിന്റെ രാഷ്ട്രീയ- സമൂഹികാന്തരീക്ഷത്തെ സിനിമ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. വയനാട് മുതൽ ഫോർട്ട് കൊച്ചി വരെ ഹരി എന്ന സുഹൃത്തിന്റെ മരണവാർത്ത അവന്റെ അമ്മയെ അറിയിക്കാൻ പുരുഷന്റെ കൂടെ കേരളത്തിന്റെ പല ഭാഗത്തുള്ള സുഹൃത്തുക്കളെല്ലാം ഒത്തുചേരുന്നു.
മലയാള സിനിമ അതുവരെ കണ്ടുശീലിച്ച ആഖ്യാനങ്ങൾക്കുള്ളിൽ ഒതുങ്ങി നിൽക്കുന്ന ഒന്നല്ല 1986-ൽ പുറത്തിറങ്ങിയ അമ്മ അറിയാൻ. അത് അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നു, ഭരണകൂട ഭീകരതകൾ ചർച്ചചെയ്യുന്നു, വയനാട് നിന്നും തുടങ്ങി കോഴിക്കോടും ബേപ്പൂരും കൊടുങ്ങല്ലൂരും തൃശൂരും കോട്ടപ്പുറവും വൈപ്പിനും ഫോർട്ട് കൊച്ചിയുമടക്കമുള്ള സ്ഥലങ്ങളിലെ വർഗസമരങ്ങളിലൂടെയും വിദ്യാർത്ഥി പ്രതിഷേധങ്ങളിലൂടെയും തൊഴിലാളി യൂണിയൻ സമരങ്ങളിലൂടെയും സഞ്ചരിച്ച് കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക ഭൂമികയുടെ ഒരു നേർചിത്രം ജോൺ വരച്ചിടുന്നു.
മെഡിക്കൽ വിദ്യാഭ്യാസം കച്ചവടവത്കരിക്കുന്നതിനെതിരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ നടക്കുന്ന വിദ്യാർത്ഥി സമരം, അരിയും പഞ്ചസാരയുമടക്കമുള്ള അവശ്യസാധനങ്ങളുടെ പൂഴ്ത്തിവെപ്പ് കണ്ടെത്തി അത് സാധാരണകാർക്ക് ന്യായവിലയ്ക്ക് വിതരണം ചെയ്യുകയും ചെയ്തടക്കം കേരള ചരിത്രത്തിൽ പറയപ്പെടാതെ പോയ നിരവധി സമരങ്ങൾ ചിത്രം ചർച്ചചെയ്യുന്നുണ്ട്. കൂടാതെ പോലീസിന്റെ വ്യാജ ഏറ്റുമുട്ടലുകളും നക്സലൈറ്റ് രാഷ്ട്രീയ പ്രസ്ഥാനത്തെയും ജോൺ അമ്മ അറിയാൻ എന്ന ചിത്രത്തിലൂടെ ഡോക്യുമെന്റ് ചെയ്യുന്നു.
പ്രശസ്ത ഗ്വാട്ടിമാലൻ കവി ഓട്ടോ റെനെ കാസ്റ്റിലോയുടെ ‘അരാഷ്ട്രീയ ബുദ്ധിജീവികൾ’ എന്ന കവിത ചിത്രത്തിലൊരിടത്ത് ചൊല്ലുന്നുണ്ട്. ‘ഒരു ദിവസം ഏറ്റവും ദരിദ്രരായ
ജനങ്ങളാൽ എന്റെ രാജ്യത്തെ അരാഷ്ട്രീയ ബുദ്ധിജീവികൾ ചോദ്യംചെയ്യപ്പെടുമെന്നും യാതനകളിൽ ദരിദ്രന്റെ ജീവിതവും സ്വപ്നവും കത്തിയെരിയുമ്പോൾ
എന്തുചെയ്യുകയായിരുന്നു നിങ്ങളെന്ന് അവർ ഉറക്കെ ചോദിക്കുമെന്നും‘ ജോൺ കവിത പ്ലേസ് ചെയ്തുകൊണ്ട് ഒരു വലിയ രാഷ്ട്രീയ ചോദ്യമുയർത്തുന്നു. അത് ഇന്നും പ്രസക്തമായ ഒന്നാണ്.
എത്രയെത്ര ദുർമരണങ്ങൾ, സ്വപ്‌നങ്ങൾ ഒടുങ്ങുന്നത് ഇങ്ങനെയാണ്. തലച്ചോറുകൾ ചിതറിത്തെറിയ്ക്കുന്നതുമിങ്ങനെയാണ്. തുള വീണ ഒരു നെഞ്ച്, തോക്കിൻപാത്തികളാൽ തകർക്കപ്പെടുന്ന പോരാട്ടങ്ങൾ, കഴുമരങ്ങൾക്ക് മുകളിൽ കയ്യടിച്ചാർക്കുന്ന കഴുകന്മാർ, നമുക്ക് തിരിച്ച് കിട്ടുന്നതെന്താണ്? ദുർമരണങ്ങളുടെ ഈ ഘോഷയാത്രയിൽ നാമാരെയാണ് കാത്തിരിക്കുന്നത്? കുട്ടികൾ കൂടുതൽ നിർഭയരും ദീർഘദർശികളുമാണ്….
ദുരിതങ്ങളാൽ, പീഡനങ്ങളാൽ ഒരു ജനതയാകെ വഞ്ചിയ്ക്കപ്പെട്ടേക്കാം എന്ന് പുരുഷൻ ആത്മഗതം പോലെ ഒരു ദീർഘനിശ്വാസത്തോടെ പറയുന്നു. സിനിമയുള്ളിടത്തോളം കാലം അമ്മ അറിയാൻ എന്ന സിനിമയും ജോൺ എബ്രഹാം എന്ന പ്രതിഭയും ഓർമ്മിക്കപ്പെട്ടുകൊണ്ടേയിരിക്കും.
‘ഞാൻ ആത്മസാക്ഷാത്കാരത്തിന് വേണ്ടി സിനിമയെടുക്കാറില്ല. ജനങ്ങളോട് ചിലത് വിളിച്ച് പറയണമെന്ന് തോന്നുമ്പോഴാണ് ഞാൻ സ്രഷ്ടാവാകുന്നതും, സിനിമയെടുക്കുന്നതും. എന്റെ സിനിമ ജനങ്ങൾ കാണണമെന്നും അതിന്റെ എല്ലാ അർത്ഥത്തിലും മനസ്സിലാക്കണമെന്നും എനിക്ക് നിർബന്ധം ഉണ്ട്’ എന്നാണ് ജോൺ എബ്രഹാം തന്നെ പറഞ്ഞിട്ടുള്ളത്.
1972-ൽ പുറത്തിറങ്ങിയ ‘വിദ്യാർത്ഥികളേ ഇതിലേ ഇതിലേ’ ആയിരുന്നു ജോണിന്റെ ആദ്യ ചിത്രം. 1977-ൽ അഗ്രഹാരത്തിൽ കഴുതൈ, 1979-ലെ ‘ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ’ എന്നീ ചിത്രങ്ങളും കൃത്യമായ സാമൂഹിക രാഷ്ട്രീയ നിലപാടുകളുള്ള ജോൺ എന്ന സംവിധായകന്റെ പ്രതിഭ വിളിച്ചോതുന്ന സൃഷ്ടികൾ കൂടിയാണ്. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം എൽഐസിയിൽ ജോലി ചെയ്യുന്നതിനിടെയാണ് അതുപേക്ഷിച്ച് പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ജോൺ സിനിമ പഠിക്കാൻ പോവുന്നത്. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ഗോൾഡ് മെഡൽ കരസ്ഥമാക്കി സംവിധാനത്തിൽ ഡിപ്ലോമ നേടിയ ജോൺ എബ്രഹാം, വിഖ്യാത സംവിധായകൻ ഋത്വിക് ഘട്ടക്കിന്റെ സിനിമകളിൽ നിന്നും സ്വാധീനം ഉൾകൊണ്ടിട്ടുണ്ട്. കൂടാതെ മണി കൗളിന്റെ സഹസംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്.
തനിക്ക് ഒരു ക്യാമറ മാത്രമേ ഉള്ളുവെങ്കിലും അതുമായി ജനങ്ങൾക്കിടയിലിറങ്ങി സിനിമ ചെയ്യാൻ കഴിയുമെന്ന് ജോൺ ഉറച്ചുവിശ്വസിച്ചു. ജോൺ വിടവാങ്ങിയിട്ട് 37 വർഷങ്ങൾ കഴിയുന്നു. ‘വേദങ്ങളില്‍ അവന് ജോണ്‍ എന്ന് പേര്‍. മേല്‍വിലാസവും നിഴലുമില്ലാത്തവന്‍ വിശക്കാത്തവന്‍’ എന്ന് ചുള്ളിക്കാട് എഴുതുകയുണ്ടായി. ജോൺ എബ്രഹാം എന്ന അരാജകവാദിയെ ആഘോഷിക്കാതെ ജോൺ എബ്രഹാം എന്ന ഫിലിംമേക്കറെ ആഘോഷിക്കുന്ന, ചർച്ച ചെയ്യുന്ന, വിമർശിക്കുന്ന കാലവും തലമുറയും ഉണ്ടാവട്ടെ. സിനിമകൾ കാലവും ദേശവും കടന്ന് സഞ്ചരിക്കട്ടെ.