ശാസ്ത്രീയമായി സംഗീതം അഭ്യസിക്കാത്ത ഒരാൾ 14 ഭാഷകളിലായി നാല്പത്തിനായിരത്തോളം ഗാനങ്ങൾ ആലപിച്ചു എന്ന് പറയുന്നത് അത്ഭുതകരമായ ഒരു നേട്ടമായി ഇന്നും നലനിൽക്കുന്നു. താരതമ്യങ്ങളില്ലാത്ത മഹാപ്രതിഭ എസ്. പി ബാലസുബ്രമണ്യം ഓർമ്മയായിട്ട് ഇന്നേക്ക് മൂന്ന് വർഷങ്ങൾ. സംഗീതലോകം ഒരിക്കലും വിസ്മരിക്കാത്ത ഒരു വ്യക്തിത്വമാണ് എസ്.പി ബാലസുബ്രമണ്യം. അഞ്ച് പതിറ്റാണ്ടോളം ഭാഷകളുടെ അതിർവരമ്പുകൾ ഭേദിച്ച് അദ്ദേഹം സംഗീതലോകത്ത് തന്റെ നിലനിൽപ്പ് അടയാളപ്പെടുത്തി. ഈ ലോകത്തിൽ നിന്ന് വിട പറഞ്ഞു പോയിട്ടും ആ സാന്നിധ്യം ഇന്നും ഇവിടെ മായാതെ ഒരു മൂളിപ്പാട്ടു പോലെ ഒഴുകി നടക്കുന്നു.
1960 കളുടെ അവസാനമാണ് എസ്.പി.ബി സിനിമ ഗാനരംഗത്തേക്ക് കടന്നുവരുന്നത്. ശാസ്ത്രീയമായി സംഗീതം പഠിച്ചിട്ടില്ല എന്നത് ആദ്യകാലങ്ങളിൽ ഒരു വെല്ലുവിളിയായി അദ്ദേഹത്തിന് തോന്നിയെങ്കിലും പിന്നീട് തന്റെ സ്വതസിദ്ധമായ ആലാപന ശൈലി കൊണ്ട് അദ്ദേഹമതിനെ മറികടന്നു. റെക്കോർഡിങ് സ്റ്റുഡിയോയിൽ നിന്ന് പാട്ടുപാടുന്നതിൽ നിന്ന് വ്യത്യസ്തമായി ജനപ്രിയ സിനിമാ ഗാനങ്ങൾക്ക് ഗാനമേള പോലെയുള്ള ജനകീയ വേദികളിൽ വളരെയധികം സ്വീകാര്യത കൊണ്ടുവന്നതിൽ എസ്.പി.ബിയുടെ പങ്ക് വളരെ വലുതാണ്. സ്റ്റുഡിയോക്ക് അകത്തും വേദികളിലും രണ്ട് വ്യത്യസ്തമായ ആലാപന ശൈലി കൊണ്ടുവന്നു എന്നത് തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സവിശേഷത.
1946 ജൂൺ 4ന് ആന്ധ്രപ്രദേശിലെ നെല്ലൂരിലാണ് അദ്ദേഹം ജനിച്ചത്. എസ്.പി.ബിയെ ഒരു എഞ്ചിനീയർ ആക്കാനാണ് അദ്ദേഹത്തിന്റെ പിതാവ് ആഗ്രഹിച്ചിരുന്നത്. അങ്ങനെ അനന്തപൂരിലെ ഒരു എഞ്ചിനീയറിങ് കോളേജിൽ ചേർന്നെങ്കിലും ടൈഫോയിഡ് പിടിപ്പെട്ടതിനാൽ പഠനം തുടരാൻ സാധിച്ചില്ല. പിന്നീട് മറ്റൊരു കോളേജിൽ ചേർന്നെങ്കിലും സംഗീതം തന്നെയാണ് തന്റെ വഴി എന്ന് എസ്.പി.ബി തിരിച്ചറിഞ്ഞിരുന്നു. അക്കാലത്ത് ഒരുപാട് മത്സര പരിപാടികളിൽ പങ്കെടുക്കുകയും വിജയ് ആവുകയും ചെയ്തു.
എസ്.പി.ബി അവസരങ്ങൾ തേടി സംഗീത സംവിധായകരെ പലപ്പോഴും സന്ദർശിക്കുകയുണ്ടായിരുന്നു. അങ്ങനെ 1966 ൽ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന ചിത്രത്തിൽ പാടികൊണ്ടാണ് ചലച്ചിത്ര പിന്നണി ഗാന രംഗത്ത് അദ്ദേഹം അരങ്ങേറ്റം കുറിക്കുന്നത്. നാല്പത്തിനായിരത്തോളം ഗാനങ്ങളിൽ തമിഴ് സിനിമയിലാണ് ഏറ്റവും കൂടുതൽ ഗാനം ആലപിച്ചിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ എല്ലാ പ്രമുഖ സംഗീത സംവിധായകരും എസ്.പി.ബിയുടെ ശബ്ദമാധുര്യത്തെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
ഗായകൻ മാത്രമായിരുന്നില്ല എസ്.പി.ബി. നടൻ, സംഗീത സംവിധായകൻ, ഡബ്ബിങ് ആർട്ടിസ്റ്റ് എന്നീ നിലകളിലും തന്റെ കഴിവ് എസ്.പി.ബി തെളിയിച്ചിട്ടുണ്ട്. ദശാവതാരം എന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പിൽ കമൽ ഹാസൻ അവതരിപ്പിച്ച ഏഴ് കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയത് എസ്. പി. ബിയാണ്, കൂടാതെ ബെൻ കിംഗ്സ്ലിയുടെ ‘ഗാന്ധി’ സിനിമയുടെ തെലുങ്ക് പതിപ്പിൽ ശബ്ദം നൽകിയതും എസ്.പി.ബിയാണ്. ഏറ്റവും മികച്ച ഗായകനുള്ള ദേശീയ അവാർഡ് ആറ് തവണ തേടി കെ. ജെ യേശുദാസിനൊപ്പം റെക്കോർഡ് പങ്കിട്ടിരിക്കുകയാണ്. 2020 സെപ്റ്റംബർ 25 ന് കോവിഡ് ബാധയെ തുടർന്ന് ആരോഗ്യനില മോശമാവുകയും ഹൃദയസ്തംഭനം മൂലം എസ്.പി.ബി ഈ ലോകത്തോട് വിടപറയുകയും ചെയ്തു.
പക്ഷേ സംഗീതലോകം ഇന്നും എസ്. പി. ബിയെ ഓർക്കുന്നു. അദ്ദേഹം പാടിയ പാട്ടുകൾ ഒരു ദിവസമെങ്കിലും മൂളാത്ത സംഗീത പ്രേമികൾ ഉണ്ടാവില്ല. പാടിയ പാട്ടുകളിലൂടെ അദ്ദേഹം ഇന്നും ജീവിക്കുന്നു. ഒരു ഇളയനിലാവ് പോലെ അദ്ദേഹം സംഗീത പ്രേമികളുടെ മനസിൽ ഒഴുകി നടക്കുന്നു.