ഇന്ത്യൻ സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കമൽ ഹാസൻ ചിത്രമാണ് ഇന്ത്യൻ 2. ജൂലൈ 12ന് ബിഗ് സ്‌ക്രീനുകളിൽ എത്താൻ പോവുകയാണ് 1996ൽ പുറത്തിറങ്ങിയ ഇന്ത്യൻ എന്ന ചിത്രത്തിന്റെ ഈ സീക്വൽ. ഇന്ത്യൻ 2ലെ പ്രധാന താരങ്ങളുടെ പ്രതിഫലവിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഇന്ത്യൻ 2, ഇന്ത്യൻ 3 എന്നിവയ്ക്കായി കമൽഹാസൻ മൊത്തം 150 കോടി രൂപ ഈടാക്കിയതായാണ് റിപ്പോർട്ട്. സംവിധായകൻ ശങ്കറിന് 50 കോടി രൂപയാണ് പ്രതിഫലം. നടൻ സിദ്ധാർത്ഥിന് നാല് കോടി രൂപയും നടി കാജൽ അഗർവാളിന് മൂന്ന് കോടി രൂപയുമാണ് പ്രതിഫലം.
രാകുൽ പ്രീത് സിംഗിന് രണ്ട് കോടി രൂപയും ഇന്ത്യൻ 2വിൽ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുകയും ഇന്ത്യൻ 3യിൽ പ്രധാന പ്രതിനായകനായി മാറുകയും ചെയ്യുന്ന എസ്ജെ സൂര്യയ്ക്ക് 50 ലക്ഷം രൂപയുമാണ് പ്രതിഫലം. പ്രിയ ഭവാനി ശങ്കറിന് 30 ലക്ഷം രൂപയാണ് പ്രതിഫലം. ചിത്രത്തിൻ്റെ സംഗീതം നിർവഹിക്കുന്ന അനിരുദ്ധ് രവിചന്ദർ 10 കോടി രൂപയാണ് ഈടാക്കിയായതെന്നാണ് റിപ്പോർട്ട്.
അനിരുദ്ധ് രവിചന്ദർ സംഗീതം നിർവഹിക്കുന്ന ചിത്രത്തിൽ രവി വർമ്മനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ശ്രീകർ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ്. ഇന്ത്യൻ 2 വിൽ ആക്ഷൻ കൊറിയോഗ്രഫി ചെയ്യുന്നത് അൻപറിവ് മാസ്റ്റേഴ്സ് ആണ്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാസ്ക്കരനും രാജ്കമൽ ഫിലിംസ് ഇന്റർനാഷണലും ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
20 വർഷത്തിനു ശേഷമാണ് കമലും ശങ്കറും ഒന്നിച്ചു സിനിമ ചെയ്യുന്നത്. ഇന്ത്യനിലെ സ്വാതന്ത്ര്യ സമരസേനാനി സേനാപതി നയിക്കുന്ന പുതിയ പോരാട്ടങ്ങളാണ് ഇന്ത്യൻ 2 വിന്റെ ഇതിവൃത്തം എന്നാണറിയുന്നത്.