പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമായ കുമാർ സാഹ്നി അന്തരിച്ചു. 83 വയസായിരുന്നു. മായാ ദർപൺ, ഖയാൽ ഗാഥാ, തരംഗ്, കസ്ബ തുടങ്ങിയവയാണ് കുമാർ സാഹ്നിയുടെ ശ്രദ്ധേയമായ ചിത്രങ്ങൾ. അധ്യാപകനും എഴുത്തുകാരനായും കൂടിയായിരുന്നു അദ്ദേഹം.
പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പഠിച്ചിറങ്ങിയ അദ്ദേഹം രാജ്യത്തിന് മികച്ച സമാന്തര ചിത്രങ്ങൾ സംഭാവന ചെയ്തിട്ടുണ്ട്. 1972-ൽ അദ്ദേഹം ഒരുക്കിയ മായാ ദർപൺ മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്.
1989-ൽ ഖായൽ ഗാഥ, 1991-ൽ ഭവനതരണ തുടങ്ങിയ ചിത്രങ്ങൾ സാഹ്നി ഒരുക്കി. 1997-ൽ രബീന്ദ്രനാഥ് ടാഗോറിന്റെ ‘ഛാർ അധ്യായ്’ എന്ന നോവലിനെ കുമാർ സാഹ്നി ചലച്ചിത്രമാക്കുകയും ചെയ്തു.
1940 ഡിസംബർ ഏഴിന് ലർക്കാനയിൽ ജനിച്ച കുമാർ സാഹ്നി പിന്നീട് കുടുംബസമേതം മുംബെെയിലേയ്ക്ക് താമസം മാറ്റി. പ്രശസ്ത സംവിധായകൻ റിത്വിക് ഘട്ടക്കിൻ്റെ പ്രിയപ്പെട്ട വിദ്യാർത്ഥികളിൽ ഒരാളായി അദ്ദേഹം അറിയപ്പെട്ടിരുന്നു.