സിനിമാ ജീവിതം എവിടെയോ വച്ച് നിലച്ചു പോയവരുടെ അഭിനയ യാത്രയെക്കുറിച്ച് അറിയാൻ ശ്രമിക്കുമ്പോൾ ഓർമ വരുന്ന പേരുകളിലൊന്നാണ് നടൻ ടി. പി മാധവന്റേത്. എന്നാൽ അദ്ദേഹം ഇനി ഓർമകളിൽ മാത്രം… നാൽപതാം വയസിൽ തുടങ്ങിയ അഭിനയജീവിതത്തിൽ അദ്ദേഹം അഭിനയിച്ചത് അറന്നൂറോളം സിനിമകളാണ്. ഒരു കാലത്ത് ടി.പി മാധവൻ ഇല്ലാത്ത സിനിമകൾ വളരെ ചുരുക്കമായിരുന്നു. നാലു പതിറ്റാണ്ട് നീണ്ടുനിന്ന അഭിനയജീവിതത്തിൽ അമ്മാവനായും കാര്യസ്ഥനായും അച്ഛനായും ജഡ്ജിയായുമൊക്കെ അദ്ദേഹം പല പല വേഷങ്ങളിലെത്തി.
1975-ൽ പുറത്തിറങ്ങിയ ‘രാഗം’ എന്ന ചിത്രത്തിലൂടെയാണ് ടി. പി മാധവൻ വെള്ളിത്തിരിയിലെത്തിയത്. വർഷങ്ങളോളം പ്രമുഖ സ്വഭാവനടന്മാരുടേതുകൂടിയായിരുന്ന സിനിമാകാലത്ത് ഊണും ഉറക്കവുമില്ലാതെ നടന്നിരുന്ന സ്വഭാവനടന്മാരുടെ കൂട്ടത്തിൽ അദ്ദേഹവുമുണ്ടായിരുന്നു. ആദ്യമൊക്കെ നെഗറ്റീവ് കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ അദ്ദേഹം പിന്നീട് നർമ്മത്തിലും കഴിവ് തെളിയിച്ചു. മിമിക്രിവേദികളിൽ ടി.പി മാധവനെ പലരും ഏറ്റെടുത്തുടങ്ങി.
കോമഡി കഥാപാത്രങ്ങൾ അദ്ദേഹത്തിന്റെ കരിയറിൽ എത്താൻ വൈകിയെങ്കിലും ആ കഥാപാത്രങ്ങളെല്ലാം അദ്ദേഹം അവിസ്മരണീയമാക്കി. മോഹൻലാൽ ചിത്രങ്ങളിൽ സ്ഥിരസാന്നിധ്യമായിരുന്നു അദ്ദേഹം. അയാൾ കഥയെഴുതുകയാണ്, നരസിംഹം എന്നിങ്ങനെ പോകുന്നു സിനിമകൾ.
സാഹിത്യപഞ്ചാനൻ പി.കെ നാരായണപ്പിള്ളയുടെ പേരക്കുട്ടിയും നാടകാചാര്യൻ ടിഎൻ ഗോപിനാഥൻ നായരുടെ മരുമകനുമായിരുന്നു ടി.പി മാധവൻ നായർ. അദ്ദേഹത്തിന്റെ പിതാവ് എൻപി പിള്ള കേരള സർവകലാശാല ഡീൻ ആയിരുന്നു. സോഷ്യോളജിയിൽ മാസ്റ്റർ ബിരുദധാരിയായിരുന്ന അദ്ദേഹം അറുപതുകളിൽ ജേണലിസ്റ്റായും ജോലി ചെയ്തിരുന്നു. ആ പരിചയത്തിൽ നിന്നാണ് പരസ്യചിത്രമേഖലയിൽ അദ്ദേഹം സംരംഭം തുടങ്ങുന്നത്.
അവസാനകാലത്ത് അദ്ദേഹത്തിന് കൈത്താങ്ങായത് പത്തനാപുരം ഗാന്ധിഭവൻ ആയിരുന്നു. 2015-ൽ ഹരിദ്വാർ യാത്രയ്ക്കിടെ ഡൽഹിയിലെ ഹോട്ടൽ മുറിയിൽ കുഴഞ്ഞുവീണത്തോടെ അതീവഗുരുതരാവസ്ഥയിലാവുകയും ഒരാഴ്ചയോളം ഐ.സിയുവിലുമായിരുന്നു. ഈ സമയത്ത് പക്ഷാഘാതം ഉണ്ടാവുകയും ചെയ്തു. തിരുവനന്തപുരത്തെ ഒരു ലോഡ്ജ് മുറിയിൽ ആശ്രയമില്ലാതെ കഴിയുമ്പോൾ അദ്ദേഹത്തെ ഏറ്റെടുക്കാൻ ആരും തയ്യാറാകുന്നില്ലെന്ന് കണ്ട് സീരിയൽ സംവിധായകൻ പ്രസാദ് ആണ് മാധവനെ ഗാന്ധിഭവനിൽ എത്തിക്കുന്നത്.
ആയിരത്തിയഞ്ഞൂറോളം അന്തേവാസികളുള്ള പത്തനാപുരം ഗാന്ധിഭവൻ ടി പി മാധവന് സ്വന്തം വീടായി മാറുകയായിരുന്നു. സ്വന്തമായി ഒരു മുറി തന്നെ അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഗാന്ധിഭവനിലെത്തിയ അദ്ദേഹം ചില സിനിമകളായിലും സീരിയലുകളിലും അഭിനയിച്ചിരുന്നു. മറവിരോഗം ബാധിച്ചതോടെ അഭിനയജീവിതത്തിനും വിട പറഞ്ഞു. ഒൻപത് വർഷം അദ്ദേഹം ഗാന്ധിഭവനിൽ കഴിഞ്ഞു. തന്നെ കാണാൻ എത്തിയ സിനിമാക്കാരോട് അദ്ദേഹം തന്റെ വിശേഷം പങ്കുവച്ചു.
അഭിനയജീവിതത്തിൽ അദ്ദേഹം തിളങ്ങിയിരുന്നുവെങ്കിലും ജീവിതത്തിൽ അദ്ദേഹം വിജയിച്ചില്ല. സിനിമാ മോഹവുമായി ചെന്നൈയിലേക്ക് വണ്ടി കയറിയ അദ്ദേഹം കുടുംബവുമായി അകലുകയും ഭാര്യ ഗിരിജയുമായി വേർപിരിഞ്ഞതോടെ മക്കളുടെ ഉത്തരവാദിത്യം ഏറ്റെടുക്കുകയും ചെയ്തു. ഏകദേശം മുപ്പത് വർഷത്തോളമായി ഭാര്യയും മക്കളുമായി അകന്നു കഴിയുകയായിരുന്നു. ഒരു മകളും മകനുമാണ് അദ്ദേഹത്തിനുള്ളത്.
ടി. പി മാധവന്റെ മകൻ ഇന്ന് ബോളിവുഡിൽ അറിയപ്പെടുന്ന സംവിധായകനാണ്. അക്ഷയ് കുമാർ നായകനായെത്തിയ എയർ ലിഫ്റ്റ് എന്ന ചിത്രത്തിന്റെ സംവിധായകൻ രാജകൃഷ്ണ മേനോൻ ആണ് അദ്ദേഹത്തിന്റെ മകൻ. ‘ടി. പി മാധവന്റെ മകനായാണ് ജനനം എങ്കിലും എന്റെ ഓർമ്മയിൽ രണ്ടു പ്രാവശ്യം മാത്രമാണു ഞാൻ അദ്ദേഹത്തെ കണ്ടിട്ടുള്ളത്. അമ്മ ഗിരിജയാണ് വെല്ലുവിളികൾ ഏറ്റെടുത്ത് എന്നെയും സഹോദരിയേയും വളർത്തിയത്. ഒരു സെൽഫ് മെയിഡ് വ്യക്തിയാണ് അമ്മ എന്നാണ് അച്ഛനെക്കുറിച്ചുള്ള ചോദ്യത്തിന് രാജാകൃഷ്ണ മുൻപ് പറഞ്ഞത്.
സിനിമയിലേക്കു മടങ്ങിവരണമെന്ന് ടി.പി മാധവന് ആഗ്രഹം ഉണ്ടായിരുന്നുവെങ്കിലും അത് നടക്കാതെയാണ് അദ്ദേഹം തന്റെ യാത്ര അവസാനിപ്പിച്ചത്.