കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട രാജ്യത്തെ തിയേറ്ററുകള്‍ തുറക്കുന്നു. കോവിഡിനെ തുടര്‍ന്ന് മാര്‍ച്ചിലാണ് തിയേറ്ററുകള്‍ മുഴുവനായും അടച്ചത്. ഓഗസ്റ്റ് മാസത്തോടെ രാജ്യത്തെ തിയേറ്ററുകള്‍ തുറന്നേക്കുമെന്ന സൂചനകളാണ് നിലവില്‍ വരുന്നത്. നിരവധി ചിത്രങ്ങളുടെ റിലീസാണ് കോവിഡ് ലോക്ഡൗണിനിടെ മുടങ്ങിയത്.
മലയാളത്തില്‍ “മരക്കാര്‍: അറബിക്കടലിന്റെ സിംഹം” എന്ന വമ്പന്‍ സിനിമകള്‍ മാര്‍ച്ചില്‍ റിലീസ് ചെയ്യാനിരുന്നതാണ്. വിജയ് ചിത്രം “മാസ്റ്റര്‍” അടക്കമുള്ള ചിത്രങ്ങളുടെയും റിലീസ് മുടങ്ങി. ഏപ്രിലിലായിരുന്നു മാസ്റ്റര്‍ റിലീസ് ചെയ്യാനിരുന്നത്. തിയേറ്ററുകള്‍ തുറക്കാത്ത പശ്ചാത്തലത്തില്‍ ചില സിനിമകള്‍ ഓണ്‍ലൈന്‍ റിലീസ് ചെയ്തിരുന്നു. ഇതോടെ തിയേറ്ററുടമകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ജൂലൈ അവസാനത്തോടെ ജിം, തിയേറ്ററുകള്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ എന്നിവ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തനം ആരംഭിക്കുന്നമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. കോവിഡ് ഫലം നെഗറ്റീവ് ആണെന്ന രേഖ നല്‍കുന്നവരെ മാത്രമേ വിമാനത്താവളത്തിലേക്ക് പ്രവേശിപ്പിക്കുകയുള്ളു.
കുട്ടികളെയും മുതിര്‍ന്നവരെയും തിയേറ്ററുകളില്‍ പ്രവേശിപ്പിക്കില്ല. 15-നും 50-നും വയസിന് ഇടയിലുള്ളവര്‍ക്ക് മാത്രമാകും പ്രവേശനം എന്നാണ് റിപ്പോര്‍ട്ടുകള്‍. നിശ്ചിത അകലം പാലിച്ചാകും തിയേറ്ററില്‍ പ്രവേശനം അനുവദിക്കുക.