അരങ്ങത്തും അണിയറയിലും വമ്പൻ താരനിര; ആഷിക് അബുവിന്റെ 'റൈഫിൾ ക്ലബ്ബ്' ഓണത്തിനെത്തും

അരങ്ങത്തും അണിയറയിലും വമ്പൻ താരനിരയുമായി ആഷിക് അബു ചിത്രം ‘റൈഫിൾ ക്ലബ്ബ്’ ചിത്രീകരണം പൂർത്തിയായി. ആഷിക് അബു തന്നെയാണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവഹിക്കുന്നത് എന്ന പ്രത്യേകതയും റൈഫിൾ ക്ലബ്ബിനുണ്ട്.

ദിലീഷ് പോത്തൻ, വാണി വിശ്വനാഥ്, ഉണ്ണിമായ, വിഷ്ണു അഗസ്ത്യ, വിജയരാഘവൻ, ദർശന രാജേന്ദ്രൻ, സുരേഷ് കൃഷ്ണ, സുരഭി ലക്ഷ്മി, റംസാൻ മുഹമ്മദ് എന്നിവർ അണിനിരക്കുന്ന ചിത്രത്തിൽ വില്ലനായി എത്തുന്നത് അനുരാഗ് കശ്യപ് ആണ്. അനുരാഗ് കശ്യപിന്റെ ആദ്യ മലയാള ചിത്രം കൂടിയാണ് റൈഫിൾ ക്ലബ്ബ്.

View this post on Instagram

A post shared by OPM Cinemas (@opmcinemas)

ശ്യാം പുഷ്കരൻ-ദിലീഷ് കരുണാകരൻ, ഷറഫു- സുഹാസ് കൂട്ടുകെട്ടിലാണ് ചിത്രത്തിന്റെ തിരക്കഥയൊരുങ്ങുന്നത്. തങ്കം എന്ന ചിത്രത്തിന് ശേഷം ശ്യാം പുഷ്കരൻ തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് റൈഫിൾ ക്ലബ്. കൂടാതെ മായാനദിക്ക് ശേഷം ആഷിക് അബു- ശ്യാം പുഷ്കരൻ- ദിലീഷ് കരുണാകരൻ കൂട്ടുകെട്ട് ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ ചിത്രത്തെ നോക്കിക്കാണുന്നത്.

Read more

റെക്സ് വിജയൻ സംഗീതമൊരുക്കുന്ന ചിത്രത്തിൽ പ്രൊഡക്ഷൻ ഡിസൈനർ അജയൻ ചാലിശ്ശേരിയാണ്. ഒപിഎം സിനിമാസിന്റെയും ട്രൂ സ്റ്റോറീസിന്റെയും ബാനറിലാണ് ചിത്രമൊരുങ്ങുന്നത്. ഈ വർഷം ഓണം റിലീസ് ആയാണ് ചിത്രമെത്തുന്നത്. സുപ്രീം സുന്ദറാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രഫി നിർവഹിക്കുന്നത്.