പിതാവ് എന്‍.ടി രാമറാവുവിന്റെ ചരമവാര്‍ഷിക ദിനത്തില്‍ ഫ്‌ളക്‌സ് കണ്ട് ദേഷ്യപ്പെട്ട് നടന്‍ നന്ദമൂരി ബാലകൃഷ്ണ. ആന്ധ്രാപ്രദേശിലെ മുന്‍ മുഖ്യമന്ത്രിയും തെലുങ്കിലെ പഴയകാല സൂപ്പര്‍ താരവുമായ എന്‍.ടി രാമറാവുവിന്റെ 28-ാം ചരമവാര്‍ഷിക ദിനമായിരുന്നു വ്യാഴാഴ്ച.
എന്‍.ടി.ആര്‍ ഘട്ടില്‍ എത്തിയപ്പോഴായിരുന്നു നന്ദമൂരി ഫ്‌ളക്‌സുകള്‍ ശ്രദ്ധിച്ചത്. ഇതില്‍ ഒരു ഫ്‌ളക്‌സില്‍ എന്‍.ടി രാമറാവുവിന്റെ ചിത്രത്തിനൊപ്പം കൊച്ചുമകനും നടനുമായ ജൂനിയര്‍ എന്‍.ടി.ആറിന്റെ ചിത്രവും ഉള്‍പ്പെട്ടതാണ് ബാലകൃഷ്ണയെ ചൊടിപ്പിച്ചത്.
രാജമൗലി സംവിധാനം ചെയ്ത ‘യമ ദൊങ്ക’ എന്ന ചിത്രത്തിലെ ഒരു രംഗത്തില്‍ യമധര്‍മന്റെ വേഷത്തില്‍ ജൂനിയര്‍ എന്‍.ടി.ആര്‍ എത്തുന്നുണ്ട്. യമധര്‍മന്റെ ലുക്കിലുള്ള ജൂനിയര്‍ എന്‍.ടി.ആറിന്റെ ചിത്രത്തിനൊപ്പമാണ് അതേ ലുക്കിലുള്ള എന്‍.ടി.ആറിന്റെ ചിത്രവും ഒരേ ഫ്‌ളക്‌സില്‍ ഉള്‍പ്പെടുത്തി ഘാട്ടിന് പുറത്ത് സ്ഥാപിച്ചിരുന്നത്.
ഈ ചിത്രമാണ് ബാലകൃഷ്ണയെ കോപത്തില്‍ ആക്കുകയായിരുന്നു. കാറില്‍ നിന്നിറങ്ങിയ ബാലകൃഷ്ണ ഈ ഫ്‌ളക്‌സ് കാണുകയും ഉടനടി നീക്കം ചെയ്യാന്‍ ആവശ്യപ്പെടുകയുമായിരുന്നു. പിന്നാലെ ടി.ഡി.പി പ്രവര്‍ത്തകര്‍ ഈ ഫ്‌ളക്‌സ് മാറ്റുകയും ചെയ്തു.
അതേസമയം, ജൂനിയര്‍ എന്‍ടിആറും ബാലയ്യയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഇരു താരങ്ങളുടെയും ആരാധകര്‍ തമ്മിലും ഇടയ്ക്ക് പോരുകള്‍ ഉണ്ടാവാറുണ്ട്.