'കാന്താര 2' ഫസ്റ്റ് ലുക്കിന് പരശുരാമനുമായി സാമ്യം; ചര്‍ച്ചകളോട് പ്രതികരിച്ച് ഋഷഭ് ഷെട്ടി

ഫാന്റസിയും മിത്തും കൊണ്ട് മികച്ച കാഴ്ചാനുഭവം സൃഷ്ടിച്ച ‘കാന്താര’ ബ്ലോക്ബസ്റ്റര്‍ ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ചര്‍ച്ചയായിരുന്നു. പരശുരാമനാണ് ഫസ്റ്റ് ലുക്കിലെ കഥാപാത്രം എന്ന തരത്തിലുള്ള ചര്‍ച്ചകളും ഉയര്‍ന്നു വന്നിരുന്നു. ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് ഋഷബ് ഷെട്ടി.

എല്ലാം പ്രേക്ഷകരുടെ ഭാവനയ്ക്ക് വിടുകയാണെന്ന് പറഞ്ഞ ഋഷബ് ഷെട്ടി, പരശുരാമന്‍ മാത്രമല്ല ഇതേ രൂപഭാവങ്ങളില്‍ ഉള്ളതെന്ന സൂചന കൂടി നല്‍കുന്നുണ്ട്. ”കഥാപാത്രത്തെ കുറിച്ചുള്ള പ്രേക്ഷകരുടെ ഭാവനയും കാഴ്ചപ്പാടും അവര്‍ക്ക് ഇഷ്ടമുള്ളത് പോലെ തുടരട്ടെ. അവരുടെ പ്രതീക്ഷകളെ തകര്‍ക്കുന്നതൊന്നും ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല.”

”ഫസ്റ്റ് ലുക്കിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ ആസ്വദിക്കുന്നുണ്ട്. തീര്‍ച്ചയായും ദൈവീകമായ ഒന്നുണ്ടാകും, അത് പ്രേക്ഷരിലെത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍, ഇന്ത്യന്‍ ഇതിഹാസങ്ങളിലെ നിരവധിപേര്‍, ശിവന്‍, രുദ്രന്‍, പരശുരാമന്‍, രാവണന്‍, പുരാതന കാലത്തെ വിവിധ രാജാക്കന്മാര്‍ എന്നിവര്‍ക്കും സമാനമായ രൂപമുണ്ട്.”

”ഞാനിത് പ്രേക്ഷകരുടെ വ്യാഖ്യാനങ്ങള്‍ക്ക് വിടുകയാണ്” എന്നാണ് സിനിമ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ഋഷബ് ഷെട്ടി പറയുന്നത്. ഏഴ് ഭാഷകളില്‍ എത്തുന്ന ‘കാന്താര: ചാപ്റ്റര്‍ 1’ല്‍ ആദ്യ ഭാഗത്തില്‍ കണ്ട കഥയ്ക്ക് മുമ്പ് നടന്ന സംഭവങ്ങളാകും ഉണ്ടാവുക.

Read more

കാന്താരയില്‍ ഋഷഭ് ഷെട്ടി അവതരിപ്പിച്ച ശിവ എന്ന കഥാപാത്രത്തിന്റെ ഭൂതക്കോലം കെട്ടുന്ന പിതാവിന്റെ കഥയായിരിക്കും വരാനിരിക്കുന്ന ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍. കാന്താര ആദ്യ ഭാഗം 16 കോടിയിലാണ് ഒരുങ്ങിയതെങ്കില്‍ രണ്ടാം ഭാഗത്തിന്റെ ബജറ്റ് മൂന്നിരട്ടിയാണ്.